പാകിസ്ഥാന്റെ ആ നാണക്കേട് ഒടുവിൽ മാറി, ഒൻപത് കൊല്ലത്തിന് ശേഷം ഒരു വിജയം
ലാഹോർ: ഒൻപത് കൊല്ലത്തിലധികം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച‌് ട്വന്റി20യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്ഥാന് ജയം. നീണ്ട 2650 ദിവസങ്ങൾക്ക് ശേഷമാണ് പാക് വിജയം. ഇക്കാലയളവിൽ കളിച്ച ഏഴ് മത്സരങ്ങളും പാകിസ്ഥാൻ തോറ്റിരുന്നു. ലാഹോറിൽ നടന്ന ആദ്യ ട്വന്റി20യിൽ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 146 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തുകയും 22 പന്തിൽ 40 റൺസ് നേടുകയും ചെയ്‌ത സയിം അയൂബ് ആണ് കളിയിലെ താരമായത്.
ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന് വേണ്ടി ഓപ്പൺ ചെയ്‌ത സയീം അയൂബിന് പുറമേ ക്യാപ്‌റ്റൻ സൽമാൻ അലി ആഗ (27 പന്തിൽ 39), ബാബർ അസം (20 പന്തിൽ 24) എന്നിവരാണ് തിളങ്ങിയത്. ഓസീസ് ബൗളിംഗ്‌നിരയിൽ ആഡം സാംപ നാലും സേവിയർ ബാർലറ്റ്, മഹ്ലി ബിയേർഡ്‌മാൻ എന്നിവർ രണ്ട് വീതവും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് വേണ്ടി കാമറൂൺ ഗ്രീൻ (36), സേവിയർ ബാർലറ്റ് (34), ട്രാവിസ് ഹെഡ് (23) എന്നിവരാണ് തിളങ്ങിയത്. അബ്രാർ അഹമ്മദ് രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ ഷദാബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര പാകിസ്ഥാൻ 1-0ന് മുന്നിലായി. ട്വന്റി 20 ലോകകപ്പിന് തൊട്ടുമുൻപ് ലോകത്തിലെ കരുത്തരായ ഓസീസിനെതിരായ വിജയം പാക് ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആശ്വാസമായി.