35 വർഷങ്ങൾക്കു ശേഷം ഒരു 'പ്രീമിയർ" ഒത്തുകൂടൽ

Saturday 31 January 2026 12:32 AM IST
കറുകുറ്റി പ്രീമിയർ കേബിളിലെ തൊഴിലാളി സംഗമം പി.എൻ. മേനോൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കറുകുറ്റി പ്രീമിയർ കേബിൾ കമ്പനിയിലെ തൊഴിലാളികൾ 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തിൽ ഒത്തുകൂടി. 1991-ൽ കമ്പനി അടച്ചുപൂട്ടിയ ശേഷം ആദ്യമായാണ് മഹാഭൂരിപക്ഷം പേരും പരസ്പരം കാണുന്നത്. 70 മുതൽ 95 വരെ പ്രായമുള്ള നൂറോളം പേർ പങ്കെടുത്ത സംഗമം ദീർഘകാലത്തെ കമ്പനി ജീവിതത്തിന്റെയും പഴയകാല സ്മരണകളുടെയും പങ്കുവയ്ക്കലായി മാറി. വാർദ്ധക്യസഹജമായ രോഗങ്ങൾ അലട്ടുന്നുണ്ടെങ്കിലും 35 വർഷം മുമ്പ് കമ്പനിയിൽ നിന്ന് പിരിയേണ്ടി വന്ന സാഹചര്യങ്ങൾ അവർ ഓർത്തെടുത്തു. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ഫോൺ വിളികളിലൂടെയുമാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. പാട്ടും കൈയടിയുമായി പ്രായത്തെ മറന്ന് ഉല്ലസിച്ച ചടങ്ങിൽ ഏറ്റവും പ്രായം കൂടിയ അംഗം പി.എൻ. മേനോൻ സംഗമം ഉദ്ഘാടനം ചെയ്തു. അരവിന്ദ് കുമാർ അദ്ധ്യക്ഷനായി. ടി.ആർ. വിജയകുമാർ, ആർ. ജയരാമൻ നായർ, ലക്ഷ്മി നാരായൺ, കെ.എസ്. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.എൻ. മേനോൻ, ആർ. ജയരാമൻ നായർ, ടി.പി. ജോസഫ്, പി.എം. റഷീദ്, കലാകാരൻ അലോഷ്യസ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.