രോഹന് സെഞ്ച്വറി
Saturday 31 January 2026 12:45 AM IST
പനാജി : രഞ്ജി ട്രോഫിയിൽ ഗോവയ്ക്ക് എതിരായ അവസാന എലൈറ്റ് ഗ്രൂപ്പ് മത്സരത്തിൽ പുറത്താകാതെ സെഞ്ച്വറി നേടി കേരള ഓപ്പണർ രോഹൻ കുന്നുമ്മൽ. ഗോവ ഒന്നാം ഇന്നിംഗ്സിൽ 355 റൺസിന് ആൾഔട്ടായ ശേഷം ഇറങ്ങിയ കേരളം രണ്ടാം ദിവസം കളിനിറുത്തുമ്പോൾ 237/2 എന്ന നിലയിലാണ്. 154 പന്തുകളിൽ 13 ഫോറുകളും അഞ്ചു സിക്സുകളുമടക്കം 132 റൺസുമായി രോഹനാണ് കേരളത്തിന് കരുത്തായത്. അഭിഷേക് നായർ (32), സച്ചിൻ ബേബി (37) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 25 റൺസുമായി സൽമാൻ നിസാറാണ് കളിനിറുത്തുമ്പോൾ രോഹന് കൂട്ട്. ഗോവയെ മറികടക്കാൻ 119 റൺസ് കൂടി കേരളത്തിന് വേണം.
279/8 എന്ന നിലയിലാണ് ആതിഥേയർ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. കേരളത്തിനായി അങ്കിത് ശർമ്മ ആറുവിക്കറ്റ് വീഴ്ത്തി. എൻ.പി ബേസിലിന് രണ്ട് വിക്കറ്റ് ലഭിച്ചു.