ഓടംതോട്ടിൽ മാനിനെ കൊന്ന് തിന്ന് കടുവ

Saturday 31 January 2026 1:26 AM IST
tiger

മംഗലംഡാം: ഓടംതോട്ടിനുസമീപം നന്നങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാനിന്റെ ജഡം കണ്ടെത്തി. മാനിനെ കൊന്നത് കടുവയാണെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ടാപ്പിംഗ് തൊഴിലാളിയായ ധർമരാജനാണ് മാനിന്റെ ജഡം കണ്ടത്. ഭൂരിഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു. ഇരയെ കൊന്ന് തിന്നുന്ന രീതിയിൽ നിന്നാണ് മാനിനെ പിടികൂടിയത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലിന് തോട്ടത്തിൽ ജോലിക്കെത്തിയ ധർമരാജൻ മാനിന്റെ കരച്ചിൽ കേട്ടതായി വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. കടുവ പിടികൂടിയതാണെന്ന് സംശയവും പറഞ്ഞിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നന്നങ്ങാടിയിൽ ടാപ്പിംഗിനിടെ ധർമരാജൻ കടുവയെ കാണുകയും ചെയ്തു. ജനുവരി രണ്ടിന് ഓടംതോട് ചരപ്പറമ്പിൽ രവീന്ദ്രന്റെ വീടിനുസമീപം വീട്ടുകാർ കടുവയെ കണ്ടിരുന്നു. ഇതിനു ശേഷം മേഖലയിൽ വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ചും ഇടയ്ക്കിടെ തീയിട്ടും കടുവയെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചിരുന്നു. വീണ്ടും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് കൂടുവെയ്ക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.