സി.ഐ സാർ വിനുവിനെ പൊലീസാക്കി
പാലക്കാട്: കസബ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ച സിവിൽ പൊലീസ് ഓഫീസർ കെ.വിനു സല്യൂട്ട് കൊടുത്ത ശേഷം പറഞ്ഞു...
സാറാണ് എന്നെ പൊലീസാക്കിയത്.
ഞാനോ.....? സി.ഐ സുജിത്ത് അമ്പരപ്പോടെ ചോദിച്ചു.
വിനു തറപ്പിച്ചു പറഞ്ഞു, സാറാണ് എന്നോട് പൊലീസാകാൻ ആവശ്യപ്പെട്ടത്.
എത്തുംപിടിയും കിട്ടാതെ നിന്ന സർക്കിൾ ഇൻസ്പെക്ടർക്കു മുന്നിൽ ആ കഥയുടെ ചുരുളഴിച്ചു.
സാർ അന്ന് മലമ്പുഴയിലെ സി.ഐ ആണ്.
2024ൽ ജനമൈത്രി പൊലീസ് പി.എസ്.സി പരീക്ഷകൾക്കുള്ള പരിശീലന കോഴ്സ് സംഘടിപ്പിച്ചപ്പോൾ ഞാനും ചേർന്നു. പക്ഷേ സ്ഥിരമായി വന്നിരുന്നില്ല. ക്ളാസ് നയിച്ചിരുന്ന സാർ എന്നെ പിടികൂടി. അടുത്തവർഷം പൊലീസ് യൂണിഫോമിൽ ഉണ്ടാവണം. അതാണ് എന്നോട് ആവശ്യപ്പെട്ടത്. പൊലീസിലേക്കുള്ള പരീക്ഷ അതിനുമുമ്പ് എഴുതിയിരുന്ന എനിക്ക് ആ യൂണിഫോമിനോട് അന്നു മുതൽ വല്ലാത്ത അഭിനിവേശം തോന്നി. കായിക ക്ഷമത നേടാൻ അത് ആവേശമായി.
നിയമന ഉത്തരവ് കിട്ടിയപ്പോഴും ആഗ്രഹിച്ചത് യൂണിഫോമിൽ ആദ്യം സാറിന്റെ മുന്നിൽ വന്നു നിൽക്കണമെന്നാണ്. ഇപ്പോൾ, അതും സംഭവിച്ചിരിക്കുന്നു. നിറഞ്ഞ സന്തോഷത്തോടെ വിനു വെളിപ്പെടുത്തി. മലപ്പുറം എം.എസ്.പി. ക്യാമ്പിലെ പരിശീലനശേഷം വിനുവിന്റെ ആദ്യനിയമനം കസബ സ്റ്റേഷനിലായത് യാദൃച്ഛികമായിരുന്നു.
മലമ്പുഴ ആനക്കൽ ഉന്നതിയിലെ കൂലിപ്പണിക്കാരനായ എ.വി.കേശവന്റെയും പരേതയായ വത്സലയുടെയും മകനാണു വിനു. പൊലീസിന്റെ നേതൃത്വത്തിൽ ഉന്നതിയിൽ നടത്തുന്ന പി.എസ്.സി പരിശീലനം വഴി ഒട്ടേറെപ്പേർ സർക്കാർ ജോലിയിൽ പ്രവേശിച്ചു. വിനുവിന്റെ സഹോദരൻ കെ.വിപിൻ എൽ.ഡി.സി ഉൾപ്പെടെ രണ്ട് പട്ടികകളിലുണ്ട്. ബന്ധു വിനീഷുൾപ്പെടെ അഞ്ചുപേരാണ് പി.എസ്.സി പട്ടികകളിലുള്ളത്. മലമ്പുഴ അകമലവാരം ആനക്കൽ ആദിവാസി ഉന്നതിയിൽ നാല്പതോളം പേർ പരിശീലനം തുടരുന്നുണ്ട്.
``ബിരുദപഠനം പൂർത്തിയാക്കണം. എനിക്ക് അവസരം നൽകിയതുപോലെ മറ്റുള്ളവർക്കും സഹായമാവാൻ കഴിയണം.``
--- വിനു.