സ്വർണക്കൊള്ള : നടൻ ജയറാം സാക്ഷിയാകും

Saturday 31 January 2026 12:28 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ ചെന്നൈയിലെ വസതിയിൽ എസ്.ഐ.ടി ചോദ്യം ചെയ്തു. ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. ശബരിമലയിൽ വച്ചാണ് ബന്ധം തുടങ്ങുന്നതെന്നും നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലായിരുന്നു. ശ്രീകോവിലിലെ കട്ടിളപാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. താനുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും മൊഴി നൽകി.

അതിനിടെ, സന്നിധാനത്തെ സ്വർണത്തിൽ എത്രത്തോളം കുറവുണ്ടായെന്ന് കൃത്യമായി കണ്ടെത്താൻ കട്ടിളയിലും ദ്വാരപാലക ശില്പങ്ങളിലും വീണ്ടും ശാസ്ത്രീയ പരിശോധന നടത്തും. വി.എസ്.എസ്.സിയുടെ ലാബിലായിരിക്കും പരിശോധന. സാമ്പിളുകൾ വീണ്ടും ശേഖരിക്കും. ദ്വാരപാലക പാളിയിൽ 394.6 ഗ്രാം സ്വർണവും കട്ടിളപ്പാളികളിൽ 409 ഗ്രാം സ്വർണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. എത്രത്തോളം സ്വർണം പാളികളിൽ ഇപ്പോഴുണ്ടെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തും.

ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസർ ചെയ്ത ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശും മുൻപ് രണ്ടുവട്ടം സന്നിധാനത്ത് എത്തിച്ചിരുന്നതായി എസ്.ഐ.ടിക്ക് വിവരം കിട്ടി. വാതിലിന്റെ തടിപ്പണി പൂർത്തിയായ ശേഷവും ചെമ്പ് പൊതിഞ്ഞ ശേഷവുമാണിത്. വാതിലുകൾ സന്നിധാനത്തെത്തിച്ച് അളവ് നോക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശൂരിൽ നിന്ന് വാങ്ങിയ തടി ഉപയോഗിച്ച് ബംഗളൂരുവിലെ ശ്രീരാമപുര ക്ഷേത്രത്തിൽ വച്ചാണ് വാതിൽ നിർമ്മിച്ചതെന്നാണ് വിവരം. പിന്നീട് ഹൈദരാബാദിലെത്തിച്ച് ചെമ്പ് തകിട് പൊതിഞ്ഞു. ഇതിനു ശേഷമാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വച്ച് സ്വർണം പൂശിയത്. കോട്ടയത്തെ ക്ഷേത്രത്തിൽ വാതിൽ പൂജിച്ചിരുന്നു. നടൻ ജയറാം, ഭാര്യ പാർവതി എന്നിവർ സ്‌പോൺസർമാരാണെന്ന് വ്യക്തമാക്കി അവിടെ സുവനീർ പുറത്തിറക്കി. വൻതോതിൽ പണപ്പിരിവുണ്ടായെന്നും എസ്.ഐ.ടി സംശയിക്കുന്നു.