സഞ്ജുവിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട; പിന്തുണയുമായി ബാറ്റിംഗ് പരിശീലകന്‍

Friday 30 January 2026 10:38 PM IST

തിരുവനന്തപുരം: ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ സ്വന്തം നാട്ടില്‍ സഞ്ജു തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളില്‍ നിന്ന് വെറും 40 റണ്‍സ് മാത്രം കുറിച്ച താരം പക്ഷേ മോശം ഫോമിലാണ്. താരം പുറത്താകുന്ന രീതിയില്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി മുന്‍ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. താരം ഇനിയും അവസരങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നതും.

സഞ്ജു സാംസണ്‍ ഒരു ഇടവേളയെടുക്കാന്‍ തയ്യാറാകണമെന്നും പുറത്ത് ഇരുന്ന് മത്സരം വീക്ഷിക്കുന്നത് അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നുമാണ് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ അഭിപ്രായപ്പെടുന്നത്. താരത്തിന്റെ മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ ഉണ്ടെന്നും അശ്വിന്‍ പറഞ്ഞു. വളരെ മികച്ചവന്‍ ആയതുകൊണ്ടാണ് സഞ്ജു ഈ ലെവലില്‍ എത്തിയതെന്നും എന്നാല്‍ ചിലപ്പോഴെങ്കിലും ഒരു ഇടവേള ആവശ്യമായി വരുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മോശം ഫോം തുടരുന്നതിനിടെ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ടീം ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടാക്. സഞ്ജു സഞ്ജു തന്നെയാണ്. ഒരുപക്ഷേ എല്ലാവരും ആഗ്രഹിച്ചത്ര റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ടാവില്ല. പക്ഷേ അതൊക്കെ കളിയുടെ ഭാഗമാണ്. ചിലപ്പോള്‍ തുടര്‍ച്ചയായി അഞ്ച് ഇന്നിങ്‌സുകളില്‍ നിങ്ങള്‍ നന്നായി സ്‌കോര്‍ ചെയ്യും. മറ്റുചിലപ്പോള്‍ അങ്ങനെയായിരിക്കില്ല.

ഞങ്ങളുടെ ജോലി അദ്ദേഹത്തെ നല്ല മാനസികാവസ്ഥയില്‍ നിലനിര്‍ത്തുകയും പരിശീലനവും കഠിനാധ്വാനവും ഉറപ്പാക്കുകയുമാണ്. സഞ്ജുവിന് എന്തുചെയ്യാനാകുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍ സഞ്ജുവിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. കാരണം അദ്ദേഹം വളരെ മികച്ചവനാണ്.' പരിശീലകന്‍ അഭിപ്രായപ്പെട്ടു. നേരത്തെ ബൗളിംഗ് കോച്ച് മോണി മോര്‍ക്കലും സഞ്ജുവിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.