എറണാകുളം ഡി.എം.ഒ ഓഫീസ്: പുത്തൻ കെട്ടിടത്തിന് ആരോഗ്യമന്ത്രി ഇന്ന് തറക്കല്ലിടും
കൊച്ചി: ഡി.എം.ഒ ഓഫീസിന് സ്വന്തമായി കെട്ടിടം ഇല്ലാത്ത ഏക ജില്ല എന്ന ദുഷ്പേരിൽ നിന്ന് എറണാകുളത്തിന് ശാപമോക്ഷം. 11 കോടി മുടക്കിൽ നിർമ്മിക്കുന്ന നാല് നിലകളിലായുള്ള എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ പത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. രണ്ട് നിലകളിലായുള്ള പഴയ ഇടുങ്ങിയ ഓഫീസിനുള്ളിൽ നിന്നു തിരിയാനുള്ള സ്ഥലം പോലുമില്ലായിരുന്നു. തുടർന്നാണ് പുതിയ കെട്ടിടം എന്ന ആശയം ഉയർന്നത്. മന്ത്രി പി. രാജീവ് അദ്ധ്യക്ഷൻ ആകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാർ, മേയർ തുടങ്ങിയവർ പങ്കെടുക്കും. പുതിയ കെട്ടിടം വരുന്നത് 2024 മേയിൽ കേരളകൗമുദിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ 118 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ മുഴുവൻ നടത്തിപ്പ് ചുമതല ജില്ലാ മെഡിക്കൽ ഓഫീസിനാണ്. ജനറൽ ആശുപത്രി വളപ്പിലുള്ള ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്നാണ് പുത്തൻ കെട്ടിടത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുക.
അത്യാധുനിക സംവിധാനങ്ങൾ
മിനിസ്റ്റീരിയൽ വിഭാഗം, പ്രോഗ്രാം ഓഫീസർമാർ, ഡെപ്യൂട്ടി ഡി.എം.ഒ, അഡീഷണൽ ഡി.എം.ഒ, മാസ് മീഡിയ ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങൾ, വിവിധ അസുഖങ്ങളുടെ പ്രത്യേക വിഭാഗങ്ങൾ, പി.വി.സി യൂണിറ്റ് തുടങ്ങി നിരവധി വിഭാഗങ്ങളിലായി 170 ലേറെ ജീവനക്കാരാണ് ഡി.എം.ഒ ഓഫീസിൽ ജോലി ചെയ്യുന്നത്.
കൊച്ചി കോർപ്പറേഷൻ ഓഫീസിനും എറണാകുളം നഴ്സിംഗ് സ്കൂളിനും ഇടയിലായുള്ള 17 സെന്റ് സ്ഥലത്തിലാണ് കെട്ടിടം നിർമ്മിക്കുക.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് 11 കോടി രൂപ അനുവദിച്ചത്.
പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാകും കെട്ടിടം
കീഴിൽ വരുന്ന സ്ഥാപനങ്ങൾ
സർക്കാർ ആശുപത്രികൾ- ജനറൽ ആശുപത്രി എറണാകുളം, മൂവാറ്റുപുഴ, ജില്ലാ ആശുപത്രി ആലുവ, ഹൈക്കോർട്ട് ഡിസ്പൻസറി, ജില്ലാ ടി.ബി സെന്റർ, മട്ടാഞ്ചേരി- കരുവേലിപ്പടി ആശുപത്രികൾ
താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ- ഫോർട്ട്കൊച്ചി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, കോതമംഗലം, നോർത്ത് പറവൂർ
താലൂക്ക് ആശുപത്രികൾ- ഞാറക്കൽ, കരുവേലിപ്പടി, അങ്കമാലി, പുത്തൻവേലിക്കര, പള്ളുരുത്തി.
സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ- 23
പ്രാഥമിക/ കുടുംബാരോഗ്യ കേന്ദ്രങ്ങൾ- 75