മുനമ്പം: വഖഫ് ബോർഡ് ഹർജി പിൻവലിക്കും

Saturday 31 January 2026 12:18 AM IST

ന്യൂഡൽഹി: എറണാകുളം മുനമ്പത്തെ തീരദേശ ഭൂമിയുമായി ബന്ധപ്പെട്ട വിധിക്കെതിരെ സംസ്ഥാന വഖഫ് ബോർഡ് കേരള ഹൈക്കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജി പിൻവലിച്ച്, സുപ്രീംകോടതിയിൽ അപ്പീൽ നൽകും. അതേസമയം, വിവാദ ഭൂമിയിൽ തത്സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് നീട്ടണമെന്ന വഖഫ് സംരക്ഷണ വേദിയുടെ ആവശ്യം സുപ്രീംകോടതി ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു. കഴിഞ്ഞമാസം കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജിയിൽ അയച്ച നോട്ടീസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് മൂന്നാഴ്ച സമയവും അനുവദിച്ചു.