ഒടുവിൽ ആശ്വാസം,​ തിരുവല്ല റവന്യു ടവറിന് മാനേജ്‌മെന്റ്  കമ്മിറ്റിയായി  ടവറിലെ ലിഫ്റ്റ് തകരാറുകൾ ഉൾപ്പെടെ പരിഹരിക്കുമെന്ന് പ്രതീക്ഷ 

Saturday 31 January 2026 3:20 AM IST

തിരുവല്ല : സർക്കാർ ഓഫീസുകളും കോടതികളും വിവിധ സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെ പ്രവർത്തിക്കുന്ന റവന്യൂ ടവറിൽ മൂന്ന് വർഷത്തിനുശേഷം മാനേജിംഗ് കമ്മിറ്റി നിലവിൽ വന്നു. നൂറുകണക്കിന് ആളുകൾ ദിവസവും വന്നുപോകുന്ന താലൂക്കിലെ ഭരണസിരാകേന്ദ്രമായിട്ടും റവന്യു ടവറിന്റെ സുഗമമായ പ്രവർത്തനങ്ങൾ നടത്താൻ മാനേജ്‌മെന്റ് കമ്മിറ്റിയില്ലാത്ത സ്ഥിതിയായിരുന്നു. കഴിഞ്ഞ മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞെങ്കിലും പുതിയ കമ്മിറ്റി രൂപീകരിക്കാതിരുന്നതോടെ ടവറിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കാനും വാടകക്കാരുടെ പരാതികൾ കേൾക്കാനും കഴിഞ്ഞിരുന്നില്ല. ഹൗസിംഗ് ബോർഡംഗം സുഭാഷ് പുഞ്ചക്കോട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികളായി ബോർഡംഗം സുഭാഷ് പുഞ്ചക്കോട്ടിൽ പ്രസിഡന്റായും എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.അജിത സെക്രട്ടറിയായും അഡ്വ.എം.ബി. നൈനാൻ വൈസ് പ്രസിഡന്റായും വി.ഉണ്ണിക്കൃഷ്‌ണൻ ജോയിന്റ് സെക്രട്ടറിയായുമുള്ള കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്.

അഞ്ചുലക്ഷം അനുവദിച്ചു

കാൽനൂറ്റാണ്ട് മുമ്പാണ് റവന്യൂ വകുപ്പിന്റെ സ്ഥലത്ത് ഹൗസിംഗ് ബോർഡ് സെല്ലാർ ഫ്ലോർ കൂടാതെ നാല് നിലകളിലായി ടവർ നിർമ്മിക്കുന്നത്. അന്നുണ്ടാക്കിയ ധാരണ പ്രകാരം നിർമ്മാണച്ചെലവ് തിരിച്ചു ലഭിക്കുന്നതുവരെ ടവർ ഹൗസിംഗ് ബോർഡിന്റെ അധികാരത്തിലായിരിക്കും. അതിനുശേഷം റവന്യൂ വകുപ്പിനു തിരികെ നൽകുമെന്നും ആയിരുന്നു വ്യവസ്ഥ. ഇതുപ്രകാരം നാലാം നിലയിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസ് വാടക നൽകാറില്ല. ഒരുകോടി രൂപയ്ക്കുമേൽ താലൂക്ക് ഓഫീസിന്റെ മാത്രം വാടക കുടിശകയുണ്ട്. എന്നാൽ ബോർഡിന്റെ സെക്രട്ടറിയും റവന്യു സെക്രട്ടറിയും നടത്തിയ ചർച്ചയിൽ ബോർഡിന്റെ അധീനതയിൽ തന്നെ ടവർ നിലനിറുത്താനാണ് ധാരണ. ഹൗസിംഗ് ബോർഡിന്റെ വരുമാനം ടവറുകളാണെന്നും ഇതു കൈവിട്ടാൽ ബോർഡിന്റെ വരുമാനം നിലയ്ക്കുമെന്നതുമാണ് കാരണം. ടവറിന്റെ സെല്ലാർ ഫ്ലോറിൽ പ്രവർത്തിക്കുന്ന ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റ് അവർ ഒഴിയുകയാണെന്നും തിരുമൂലപുരത്തേക്ക് ഔട്ട് ലെറ്റ് മാറ്റുകയാണെന്നും ബോർഡിനെ അറിയിച്ചിട്ടുണ്ട്. ഒഴിവു വരുന്ന ഈ സ്‌ഥലത്തേക്ക് പ്രവർത്തനം മാറ്റാൻ താലൂക്ക് ഓഫീസ് തയാറായിട്ടുണ്ട്. രണ്ട് മാസത്തിനകം ഓഫീസ് മാറ്റിയേക്കും.

...........................................................

ടവറിലെ തകരാറുകൾ പരിഹരിക്കാൻ അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് ഇതിന്റെ പ്രവൃത്തി ഉടനെ തുടങ്ങും.

എസ്.അജിത

(എക്സിക്യൂട്ടീവ് എൻജിനീയർ)​

1. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും കുടുംബകോടതിയും ഉൾപ്പെടെ 4 കോടതികൾ

2. പത്തിലധികം സർക്കാർ ഓഫിസുകളും 148 സ്വകാര്യ സ്ഥാപനങ്ങൾ

3. തകരാ‍ർ പരിഹാരത്തിന് 5 ലക്ഷം അനുവദിച്ചു