തിരമാലകളെ തൊട്ട് ചക്രക്കസേരകൾ കടപ്പുറത്ത് സ്വപ്ന സാഫല്യം...

Saturday 31 January 2026 12:26 AM IST
കേ​ര​ള​ ​ഡി​സ​ബി​ലി​റ്റി​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ ​യു​വ​തി​ ​വീ​ൽ​ചെ​യ​റി​ൽ​ ​കോ​ഴി​ക്കോ​ട് ​ബീ​ച്ച് ​കാ​ണാ​ൻ​ ​ഇ​റ​ങ്ങി​യ​പ്പോൾ ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നാൽപതോളം വീൽചെയർ ഉപയോക്താക്കൾ കടലിന്റെ കുളിരറിഞ്ഞു. പലർക്കും ആ കുളിർ ആദ്യാനുഭവമായിരുന്നു. കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായിരുന്നു പരിപാടി. തൃശൂരിൽ നിന്നുള്ള 'പൂമ്പാറ്റ ചെണ്ടമേളം' സംഘത്തിന്റെ വാദ്യവും ഡിസബിലിറ്റി വിദ്യാലയങ്ങളിൽ നിന്നെത്തിയ കുട്ടികളുടെ പാട്ടുകളും കടപ്പുറത്തെ ആവേശത്തിലാഴ്ത്തി. 'ബഡീസ്' എന്ന വൊണ്ടിയർ കൂട്ടായ്മയുടെ കൈകളിൽ സുരക്ഷിതരായി, തങ്ങൾക്കായി പ്രത്യേകം തയാറാക്കിയ താത്കാലിക റാമ്പിലൂടെ ഓരോ വീൽചെയറും മണൽപ്പരപ്പ് പിന്നിട്ട് തിരമാലകൾക്കരികിലേക്ക് നീങ്ങി. പലർക്കും ഇത് നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള കടൽക്കാഴ്ചയായിരുന്നു. ചക്രക്കസേരകളിൽ ഒതുങ്ങിപ്പോയ ജീവിതങ്ങൾക്കിടയിൽ, ഉപ്പുവെള്ളം പാദങ്ങളിൽ സ്പർശിച്ച ആ നിമിഷം പലരുടെയും കണ്ണുകളെ ഈറനണിയിച്ചു. കടലിനെ സാക്ഷിയാക്കി പൂമ്പാറ്റ ടീം ശിങ്കാരിമേളം അവതരിപ്പിച്ചപ്പോൾ, അത് ശാരീരിക പരിമിതികൾക്ക് മേൽ മനക്കരുത്ത് നേടിയ വിജയതാളമായി. മുൻ കോഴിക്കോട് ജില്ലാ കളക്ടർ യു.വി. ജോസ്, തണൽ ചെയർമാൻ ഡോ. ഇദ് രീസ് വി എന്നിവർ പങ്കെടുത്തു.