ബഡ്ജറ്റിൽ നിരാശ: കോംട്രസ്റ്റ് സമരം മുറുകും

Saturday 31 January 2026 12:37 AM IST
കോ​ഴി​ക്കോ​ട് ​മാ​നാ​ഞ്ചി​റ​യ്ക്ക് ​സ​മീ​പ​ത്തെ​ ​കോം​ട്ര​സ്റ്റ് ​നെ​യ്ത്തു​ശാല

@ ഫെബ്രു. രണ്ടിന് ഐക്യദാർഢ്യ പ്രതിഷേധ സംഗമവുമായി എ.ഐ.ടി.യു.സി

@ സി.പി.എം- സി.പി.ഐ പോരിന് വഴി തുറക്കും

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്തുശാല സർക്കാർ ഏറ്റെടുക്കൽ സംബന്ധിച്ച് ബഡ്ജറ്റിൽ പരാമർശമില്ല. സമരം ശക്തമാക്കാൻ എ.ഐ.ടി.യു.സി തൊഴിലാളികൾ. സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ ഫെബ്രുവരി രണ്ടിന് സമരപന്തലിൽ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. 2009ൽ കോംട്രസ്റ്റ് അടച്ചുപൂട്ടിയതോടെ തൊഴിൽ നഷ്ടമായ നൂറുകണക്കിന് ജീവനക്കാരുടെ ജീവിത പ്രശ്നത്തിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് എ.ഐ.ടി.യു.സിയുടെ ആരോപണം. 17 വർഷമായി നടക്കുന്ന സംയുക്ത തൊഴിലാളി യൂണിയൻ സമരത്തിൽ സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി മുൻപന്തിയിലുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് മുൻപിൽ നിൽക്കുമ്പോൾ ഇടതുപക്ഷ തൊഴിലാളി സംഘടന സർക്കാരിനെതിരെ സമരം ചെയ്യുന്നത് ഔചിത്യമല്ലെന്നാണ് സി.പി.എം നിലപാട്. എന്നാൽ തിരഞ്ഞെടുപ്പ് വരുമെന്ന് കരുതി തൊഴിലാളികളുടെ അവകാശ സമരത്തിൽ നിന്ന് പിൻമാറാനാവില്ലെന്നാണ് എ.ഐ.ടി.യു.സി നേതാക്കൾ പറയുന്നത്.

2012ലാണ് കോംട്രസ്റ്റ് ഏറ്റെടുക്കൽ ബിൽ സംസ്ഥാന സർക്കാർ പാസാക്കിയത്. 2018ൽ രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. എട്ട് വർഷമായിട്ടും തുടർനടപടികൾക്കായുള്ള നിർദ്ദേശം ഒരു ബഡ്ജറ്റിലും ഉണ്ടായിരുന്നില്ല. കോംട്രസ്റ്റ് സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നിരന്തരം സമരങ്ങൾ നടന്നിരുന്നു.

@ചരിത്ര വഴിയിൽ കോംട്രസ്റ്റ് നെയ്ത്തുശാല

മാനാഞ്ചിറയ്ക്ക് സമീപത്തെ കോംട്രസ്റ്റ് നെയ്ത്തുശാലയ്ക്ക് 176 വർഷത്തെ പഴക്കമുണ്ട്. 17 വർഷം മുമ്പ് അടച്ചുപൂട്ടിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ്. യന്ത്രോപകരണങ്ങൾ മിക്കവാറും നശിച്ചു. ഹെറിറ്റേജ് മ്യൂസിയവും അനുബന്ധ നെയ്ത്ത് ശാലയുമാക്കി മാറ്റാനാണ് 2012ൽ സംസ്ഥാന സർക്കാർ പാസാക്കിയ ബില്ലിൽ വ്യവസ്ഥ ചെയ്തിരിരുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടും ബിൽ പ്രകാരം ഏറ്റെടുക്കൽ വ്യവസായ വകുപ്പ് നടത്തിയില്ല. അതിനിടെ നെയ്ത്തുശാല സ്ഥിതി ചെയ്യുന്ന സ്ഥലം കൈക്കലാക്കാൻ സി.പി.എം ശ്രമിക്കുന്നതായി ആരോപണം ഉയർന്നു. ഭൂമാഫിയയും സ്ഥലത്ത് കണ്ണുവെയ്ക്കുന്നതായി ആക്ഷേപമുണ്ടായി . ബഡ്ജറ്റിൽ കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള നിർദ്ദേശമുണ്ടാകുമെന്നായിരുന്നു കോംട്രസ്റ്റ് സമരസമിതിയുടെ പ്രതീക്ഷ. ഹാൻടക്സ് പുനരുജ്ജീവനത്തിനായി 20 കോടി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തുണിമിൽ യൂണിറ്റുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ടെക്സ്റ്റൈൽ ഇൻഡസ്ട്രി മോഡേണൈസേഷൻ എന്ന പേരിൽ പുതിയ പദ്ധതിയ്ക്ക് ഒരു കോടി രൂപയും വകയിരുത്തി. ടെക്‌സ് ഫെഡിന്റെ കീഴിലുള്ള സഹകരണ സ്പിന്നിംഗ് മില്ലുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഏഴ് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. എന്നാൽ കോംട്രസ്റ്റിന്റെ കാര്യത്തിൽ മാത്രം ഒരു പരാമർശവുമില്ല.

''സർക്കാർ നിലപാടിൽ ശക്തമായ പ്രതിഷേധമുണ്ട്. സമരം ശക്തിപ്പെടുത്തി മുന്നോട്ടുപോകും. തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. തിരഞ്ഞെടുപ്പ് ഒന്നും ന്യായമായ സമരത്തിന് തടസമല്ല. തൊഴിലാളികളുടെ മുന്നിൽ മറ്റു മാർഗങ്ങളില്ല""- ഇ.സി. സതീശൻ (എ.ഐ.ടി.യു.സി)