കരാർ ജോലിക്കാരെ സ്ഥിരപ്പെടുത്താത്തത് നീതി നിഷേധം: സുപ്രീംകോടതി

Saturday 31 January 2026 12:45 AM IST

ന്യൂഡൽഹി: കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരുടെ സ്ഥിര നിയമനം നിഷേധിക്കാൻ മാതൃകാ തൊഴിലുടമയെന്ന നിലയിൽ സംസ്ഥാന സർക്കാരുകൾക്ക് കഴിയില്ലെന്ന് സുപ്രീംകോടതി. സ്ഥിര നിയമനം തടയാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾക്ക് ഭരണഘടനാ ഉറപ്പുകളെ അസാധുവാക്കാൻ കഴിയില്ല. ഔപചാരിക കരാർ വ്യവസ്ഥകളുടെ പേരിൽ സ്ഥിര നിയമനം തടയുന്നത് ഏകപക്ഷീയവും മാതൃകാ തൊഴിലുടമയായി പ്രവർത്തിക്കാനുള്ള ബാദ്ധ്യതയുമായി പൊരുത്തപ്പെടാത്തതുമാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ജാർഖണ്ഡിൽ ഭൂസംരക്ഷണ ഡയറക്ടറേറ്റിൽ ജൂനിയർ എൻജിനിയർമാരായി 2012മുതൽ പത്തു വർഷം കരാറടിസ്ഥാനത്തിൽ ജോലി ചെയ്‌തശേഷം പിരിച്ചുവിട്ടവർ നൽകിയ ഹർജിയിലാണ് കോടതി വിധി. ഹർജിക്കാരെ സ്ഥിരപ്പെടുത്താനും ഉത്തരവിട്ടു. പാർട്ട് ടൈം, കരാർ, താത്കാലികം തുടങ്ങിയ പേരുകളിൽ ജീവനക്കാരെ നിയമിച്ച് സ്ഥിരപ്പെടുത്താതെ സർക്കാർ ചൂഷണം ചെയ്തെന്നും വിധിയിൽ പറയുന്നു.

കരാർ തൊഴിലാളികളായിട്ടും ദശാബ്ദത്തിലേറെ ഹർജിക്കാർ എല്ലാ പതിവുജോലികളും നിർവഹിച്ചു. ജീവനക്കാരെ ചൂഷണം ചെയ്‌തതും ദൗർബല്യം, നിസഹായത വിലപേശൽ ശേഷി ഇല്ലായ്മ എന്നിവ മുതലെടുത്തതും അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി.