ശബരിമലയിലെ ഉത്സവർ വിഗ്രഹ നിർമ്മാണം: പണപ്പിരിവ് അന്വേഷണം നിലച്ചു
ശബരിമല: സന്നിധാനത്ത് ഉത്സവർ വിഗ്രഹം നിർമ്മിക്കാനെന്ന പേരിൽ തമിഴ്നാട് ഉൾപ്പടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ തോതിൽ പണപ്പിരിവ് നടത്തിയ സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ആരംഭിച്ച അന്വേഷണം എങ്ങുമെത്തിയില്ല. ശബരിമല പൊലീസ് ചീഫ് എസ്.ശ്രീജിത്താണ് കേസ് അന്വേഷിക്കുന്നത്. പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിന് മുമ്പ് ആരംഭിച്ച അന്വേഷണം പണപ്പിരിവ് നടത്തിയ തമിഴ്നാട് ഈറോഡ് ലോട്ടസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇ.കെ.സഹദേവൻ, ശില്പിയും ചിത്രകാരനുമായ ജെ.വെങ്കിടേഷ് എന്നിവരുടെ മൊഴിയെടുപ്പിനുശേഷം നിലയ്ക്കുകയായിരുന്നു.
പണപ്പിരിവ് നടത്തിയത് ദേവസ്വം പ്രസിഡന്റിന്റെ നിർദേശ പ്രകാരം ജെ.വെങ്കിടേഷാണെന്നാണ് ഡോ. ഇ.കെ.സഹദേവൻ നൽകിയ മൊഴിയെന്നാണ് സൂചന.
സന്നിധാനത്ത് പ്രതിഷ്ഠിക്കാൻ രണ്ടടി ഉയരവും 108 കിലോ തൂക്കവും വരുന്ന പഞ്ചലോഹ വിഗ്രഹം നിർമ്മിക്കാനെന്ന പേരിലായിരുന്നു പണപ്പിരിവ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അംഗീകാരവും കേരള സർക്കാരിന്റെ അനുമതിയോടെയുമാണ് പ്രവൃത്തി നടത്തുന്നതെന്നാണ് ഇവർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതി വ്യക്തമാക്കി ദേവസ്വം സെക്രട്ടറി 2025 ജൂലായ് 4ന് പുറത്തിറക്കിയ ആർ.ഒ.സി 55-ാം നമ്പർ ഉത്തരവും നോട്ടീസിനൊപ്പം ചേർത്തിരുന്നു. പണപ്പിരിവ് ശ്രദ്ധയിൽപ്പെട്ട ശബരിമല സ്‌പെഷ്യൽ കമ്മിഷണർ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
തട്ടിപ്പ് പി.എസ്.പ്രശാന്ത് ബോർഡ്
പ്രസിഡന്റായിരുന്ന കാലത്ത്
പി.എസ്.പ്രശാന്ത് ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് സന്നിധാനത്ത് തന്ത്രിയെ അറിയിക്കുകയോ ദേവപ്രശ്നം നടത്തുകയോ ചെയ്യാതെ പണപ്പിരിവ് നടത്താൻ അനുമതി നൽകിയത്
ശബരിമലയിലെ സ്പോൺസർമാർ വ്യാപക പണപ്പിരിവ് നടത്തുന്നുണ്ടെന്നും ഇതിലൊരുഭാഗം ചെലവഴിച്ചശേഷം ബാക്കി തുക ചില ഉദ്യോഗസ്ഥരും സ്പോൺസർമാരും പങ്കിട്ടതായും ദേവസ്വം വിജിലൻസ് ബോർഡിന് റിപ്പോർട്ട് നൽകി
ഈ റിപ്പോർട്ട് നിലവിലുള്ളപ്പോഴാണ് വീണ്ടും സ്പോൺസർഷിപ്പിലൂടെയും ജനങ്ങളിൽ നിന്ന് പിരിവെടുത്തും വിഗ്രഹം നിർമ്മിക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയത്
വിഗ്രഹ നിർമ്മാണ ചെലവ്
₹ 9 ലക്ഷം