തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

Saturday 31 January 2026 12:46 AM IST

മല്ലപ്പളളി: തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11ന് എഴുമറ്റൂർ ഇരുമ്പുകുഴി മാടപ്പാട്ടുതടം വെള്ളിക്കര മേരി ബേബിയുടെ പുരയിടത്തിലെ തെങ്ങിൽ നിന്ന് നാളികേരം പിരിക്കുന്നതിനിടെ ചുഴന സ്വദേശി കുട്ടനാണ് (60) തെങ്ങിൽ കുടുങ്ങിയത്. യന്ത്രം ഉപയോഗിച്ച് കയറുന്നതിനിടെ 21 അടി ഉയരത്തിൽ തലകീഴായി തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. സമീപ വാസികൾ ഏണി ഉപയോഗിച്ച് തെങ്ങിൽ കയറി ഇദ്ദേഹത്തെ തുണികൊണ്ട് ബന്ധിച്ചുനിറുത്തിയതിനാൽ ദുരന്തം ഒഴിവായി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റാന്നിയിൽ നിന്ന് അഗ്നിരക്ഷസേനയെത്തി വലയും കയറും ഉപയോഗിച്ച് കുട്ടനെ താഴെയെത്തിച്ച് റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.