സ്പ്രിൻക്ലറിൽ കേസ് കൊടുത്തവർ മാപ്പുപറയണം: എം.വി.ഗോവിന്ദൻ

Saturday 31 January 2026 12:14 AM IST

തിരുവനന്തപുരം: സ്പ്രിൻക്ലർ കേസ് കോടതി തള്ളിയ സാഹചര്യത്തിൽ കേസ് കൊടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ.സുരേന്ദ്രനും മാപ്പുപറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മൂന്നുപേർക്കും കോടതിയിൽ നിന്ന് കിട്ടേണ്ടത് കിട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ പത്തു വർഷത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ഒരു അഴിമതിയാരോപണം പോലും ഉന്നയിച്ചിട്ടില്ല. പുറത്ത് ഉന്നയിക്കുന്ന കഴമ്പില്ലാത്ത ആരോപണങ്ങൾ കോടതികളിൽ എത്തുമ്പോൾ തള്ളുകയാണ്. കേരള വികസന മാതൃകയെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇടതുമുന്നണിക്ക് അമിത ആത്മവിശ്വാസമില്ലെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള നിർമ്മിതിക്ക് ഉതകുന്നതാണ് സർക്കാരിന്റെ ബഡ്ജറ്റ്. കേന്ദ്ര അവഗണന മറികടന്ന് മുന്നേറുമെന്നതിന്റെ സാക്ഷ്യപത്രമാണത്. എസ്.ഐ.ആറിൽ സുതാര്യത ഉറപ്പാക്കണം. എസ്.ഐ.ആറിലെ പരാതികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അടുത്തമാസം രണ്ടിന് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്കും മറ്റ് ജില്ലാകേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തും.

കെ- റെയിൽ ആയാലും ആർ.ആർ.ടി.എസ് ആയാലും ശ്രീധരന്റേതായാലും സംസ്ഥാനത്ത് അതിവേഗ റെയിൽപ്പാത വന്നാൽ മതി. കേരളത്തിന്റെ കെ- റെയിൽ വേണ്ട, ശ്രീധരന്റെ അതിവേഗപ്പാത മതിയെന്നാണ് സതീശൻ പറയുന്നത്. ഇതാണ് ഇരട്ടത്താപ്പ്. അച്ഛനെയും അമ്മയേയും കൊന്ന പ്രതിയോട് അവസാനമായി എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിക്കും. എനിക്ക് അച്ഛനും അമ്മയുമില്ല, എന്നെ വെറുതെ വിടണമെന്ന് പ്രതി പറയും. അത് പോലെയുള്ള അവസ്ഥയാണ് സതീശന്റേതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.