വേരുകൾ തേടി വെറ്റിലക്കൊല്ലി നഗറിൽ; കൈതാങ്ങും ആനന്ദവുമേകി 'വേര് 'ശില്പശാല
നിലമ്പൂർ: ആദിവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് കേരളകൗമുദിയുടെയും നിലമ്പൂർ റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വെറ്റിലക്കൊല്ലി ആദിവാസി നഗറിൽ 'വേരുകൾ' ഏകദിന ശില്പശാല സംഘടിപ്പിച്ചു. ചടങ്ങ് ഡി.എഫ്.ഒ പി.ധനേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി സർക്കാരും വിവിധ വകുപ്പുകളും സംഘടനകളും നിരന്തരം ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് ഡി.എഫ്.ഒ പറഞ്ഞു. പൊതുസമൂഹത്തിന്റെ കൂടി പങ്കാളിത്തം ആദിവാസി സമൂഹം നേരിടുന്ന പലപ്രശ്നങ്ങളിലും വേഗത്തിലുള്ള പരിഹാരത്തിന് വഴിയൊരുക്കും. 'വേരുകൾ' ശില്പശാല ഇക്കാര്യത്തിലെ മികച്ച ചുവടുവയ്പ്പാണ്. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇത്തരം ഇടപെടലുകൾ കൊണ്ടു സാധിക്കും. ഗോത്ര സമൂഹത്തിന്റെ ഉന്നമനത്തിനായി വിദ്യാർത്ഥി സമൂഹത്തിന് ഏറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും ഡി.എഫ്.ഒ പി.ധനേഷ് കുമാർ പറഞ്ഞു. നിലമ്പൂർ അമൽ കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ചാണ് ശിൽപ്പശാല നടത്തിയത്.
കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് അസി. ഡിസ്ട്രിക്ട് ഗവർണർ എം.ഷാനവാസ്,നിലമ്പൂർ റോട്ടറി ക്ലബ്ബ് സെക്രട്ടറി ഉസ്മാൻ തോരത്ത് സംസാരിച്ചു. വെറ്റിലകൊല്ലി നഗർ നിവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കുമെന്ന് ഇരുവരും ഉറപ്പേകി. തുടർന്ന് സംസാരിച്ച ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. എൻ.സലീം ആദിവാസി സമൂഹത്തിന് ആവശ്യമായ ചികിത്സാ സഹായങ്ങൾ നൽകാൻ തയ്യാറാണെന്ന് അറിയിച്ചു.
ആദിവാസി നഗറുകളിലേക്ക് ലഹരി എത്തുന്നതിന് തടയിടാൻ എക്‌സൈസ് വകുപ്പ് വലിയ ജാഗ്രത പുലർത്തുന്നുണ്ടെന്ന് നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു.പി.എബ്രഹാം പറഞ്ഞു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി. ബിജു ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. കേരളകൗമുദി ബ്യൂറോ ചീഫ് ഷാബിൽ ബഷീർ, മാർക്കറ്റിംഗ് അസി. മാനേജർ സുബ്രഹ്മണ്യൻ, നിലമ്പൂർ ലേഖകൻ ടി.എ. രാജഗോപാൽ, കല്യാണി ടീച്ചർ, ശ്യാംജിത്ത് സംസാരിച്ചു. ആദിവാസി നഗറിലെ 28 കുടുംബങ്ങളിലെ 90ഓളം പേർ ക്യാമ്പിൽ പങ്കാളികളായി. ആരോഗ്യ സംരക്ഷണം, ജീവിതശൈലീ രോഗങ്ങൾ, ലഹരിക്കെതിരെ ബോധവത്ക്കരണം, നിയമ അവബോധം, തൊഴിൽ സാദ്ധ്യതകൾ, സാങ്കേതിക പരിജ്ഞാനം എന്നിവ കേന്ദ്രീകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.
വേരുകളറിഞ്ഞ് ആടിയും പാടിയും അവർ
നിലമ്പൂർ: കടുത്ത ജീവിത യാഥാർത്ഥ്യങ്ങൾക്കും പരീക്ഷണങ്ങൾക്കും നടുവിൽ ജീവിതം വിരസമാകുന്ന ആദിവാസി ഗോത്രസമൂഹത്തിന് സന്തോഷത്തിന്റെയും കൈതാങ്ങിന്റെയും നിമിഷങ്ങൾ സമ്മാനിച്ച് കേരളകൗമുദിയും നിലമ്പൂർ റോട്ടറി ക്ലബ്ബും സംഘടിപ്പിച്ച 'വേരുകൾ' ഏകദിന ശില്പശാല. വെറ്റിലക്കൊല്ലി ആദിവാസി നഗറിൽ രാവിലെ തുടങ്ങിയ ക്യാമ്പ് വൈകിട്ട് അഞ്ചോടെ അവസാനിച്ചപ്പോൾ വീണ്ടും വരണമെന്ന ഗേത്രജനതയുടെ സ്നേഹാഭ്യാർത്ഥനയ്ക്ക് കൂടി ഉറപ്പേകിയാണ് ഊരിനോട് യാത്ര പറഞ്ഞത്. നിലമ്പൂർ അമൽ കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ക്യാമ്പിന് മാറ്റുകൂട്ടി.
രാവിലെ പത്തോടെയാണ് നിലമ്പൂർ അമൽ കോളേജിൽ നിന്ന് നിലമ്പൂർ വൈൽഡ് വീൽസ് സംഘടനയുടെ സഹായത്തോടെ 18 ഓഫ് റോഡ് വാഹനങ്ങളിലായി 104 വിദ്യാർത്ഥികൾ ഉൾപ്പെടെ 150 അംഗ സംഘം നിലമ്പൂരിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള നിബിഢ വനത്തിനകത്തെ വെറ്റിലക്കൊല്ലി നഗറിലേക്ക് തിരിച്ചത്. ഡോ. പി.എസ്. കേദാർനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. റോട്ടറി ക്ലബ്ബ് ഭാരവാഹികൾ, മെഡിക്കൽ ക്യാമ്പിനായി ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷന്റെ ഡോക്ടർമാർ, ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കുള്ള എക്‌സൈസ് ഉദ്യോഗസ്ഥർ യാത്രയെ അനുഗമിച്ചു. വനത്തോട് ചേർന്നുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ എസ്റ്റേറ്റ് വരെ കോൺഗ്രീറ്റ് റോഡ് നിർമ്മിച്ചിട്ടുണ്ടെങ്കിലും പാലക്കയത്ത് നിന്ന് വെറ്റിലക്കൊല്ലിയിലേക്ക് വഴിമാറി സഞ്ചരിക്കണം. മൂന്ന് കിലോമീറ്ററിലധികം ദൂരം ഉൾവനത്തിലൂടെ ഓഫ് റോഡുകളെ പോലും വെല്ലുംവിധത്തിൽ കുത്തനെയുള്ള മല കയറണം. പേരിന് മാത്രം റോഡെന്ന് പറയാം, ടാറിംഗോ, കോൺഗ്രീറ്റോ ചെയ്തിട്ടില്ല. മണ്ണും ചരലും കൂടിക്കലർന്ന റോഡിൽ യാത്രയ്ക്ക് തടസ്സമായി ഉയർന്നുനിൽക്കുന്ന വലിയ കല്ലുകളും കുഴികളും നിറയെയുണ്ട്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കവും കൊടുംവളവുകളും താണ്ടിവേണം വെറ്റിലക്കൊല്ലി നഗറിലെത്താൻ. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമേകി വൈൽഡ് വീൽസ് സംഘാംഗങ്ങൾ ജാഗ്രതയോടെ വാഹനമോടിച്ചു. 4x4 ഓഫ് റോഡ് വാഹനങ്ങൾക്ക് മാത്രമേ ഇതുവഴിയുള്ള കഠിന യാത്ര സാദ്ധ്യമാവൂ.
തീർത്തും ദുർഘടമായ പാത താണ്ടി തങ്ങളെ കാണാനെത്തിയ സംഘാംഗങ്ങളെ വെറ്റിലക്കൊല്ലി നഗർ മൂപ്പന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പരിചയപ്പെടലുകളും സ്‌നേഹാസംശസകളും പരസ്പരം കൈമാറിയ നിമിഷങ്ങൾ. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയാക്കിയതിന് പിന്നാലെ മെഡിക്കൽ ക്യാമ്പിലേക്ക് നീങ്ങി. ഓരോരുത്തർക്കും പറയാനുള്ളത് സസൂക്ഷ്മം കേട്ടു ഡോക്ടർമാർ. ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന്യം ബോദ്ധ്യപ്പെടുത്താനും മറന്നില്ല. ക്യാമ്പിനെ പ്രയോജനപ്പെടുത്തിയ 40ഓളം പേർക്ക് മരുന്നുകളും നൽകി. തുടർന്ന് എല്ലാവരും ഒന്നിച്ചിരുന്നു വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു. ഭക്ഷണ വിതരണത്തിൽ വിദ്യാർത്ഥികൾ സജീവമായി. നിർദ്ദേശങ്ങളേകി എൻ.എസ്.എസ് കോ-ഓർഡിനേറ്ററും അദ്ധ്യാപകനുമായ ഫവാസ് കൂടെ നിന്നു. ഗോത്രനിവാസികളുടെ കലാപ്രകടനങ്ങൾക്കുള്ള സൗകര്യങ്ങളും ക്യാമ്പിൽ ഒരുക്കിയിരുന്നു. ഉടലായം സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാതിയമ്മയുടെ പാട്ടിനും നൃത്തത്തിനുമൊപ്പം വിദ്യാർത്ഥികൾ കൂടി ചുവടുവെച്ചതോടെ ക്യാമ്പ് ആവേശത്തിലായി. കലാപ്രകടങ്ങൾ നടത്തിയ നഗർ നിവാസികൾക്ക് സമ്മാനവും നൽകി. നഗറിലുള്ളവരെ കൂടെ കൂട്ടി പാട്ടും ചുവടുകളുമായി വിദ്യാർത്ഥികൾ ക്യാമ്പിനെ ആവേശത്തിലാക്കി. മടിച്ചുനിന്നവരെ പോലും കൂടെ കൂട്ടിയതോടെ ക്യാമ്പിലാകെ സന്തോഷച്ചിരി പടർന്നു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി. ബിജുവും, വൈൽഡ് വീൽസ് സംഘാഗങ്ങളം മനോഹര ഗാനങ്ങളുമായി ആഘോഷത്തിന് മാറ്റുകൂട്ടി. നഗറിലുള്ളവർക്ക് സമ്മാനിക്കുന്നതിനായി ഭക്ഷ്യകിറ്റുകളും ഗൃഹോപകരണവും ഒരുക്കിയിരുന്നു. വിതരണം പൂർത്തിയാക്കി ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് വീണ്ടും കാണാമെന്ന ഉറപ്പുകൾ കൈമാറിയാണ് സംഘാടകർ കാടിറങ്ങിയത്.
വേണം അതിവേഗ ഇടപെടൽ
നിലമ്പൂർ: വെറ്റിലക്കൊല്ലി ആദിവാസി നഗറിൽ ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷന്റെ സഹായത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേർക്കും കണ്ടെത്തിയത് ഗുരുതര വിളർച്ച (സിവിയർ അനീമിയ). പരിശോധനയ്ക്ക് വിധേയരായ 40 പേർക്കും അനീമിയ ലക്ഷണങ്ങളുണ്ട്. ഇതിൽ ചിലർക്ക് ഗുരുതര ലക്ഷണങ്ങളാണുള്ളത്. പോഷകാഹാരക്കുറവ് മൂലം സ്ത്രീകളിലും പെൺകുട്ടികളിലും ഈ സ്ഥിതി രൂക്ഷമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രായത്തിനൊത്ത ശാരീരിക വളർച്ച പെൺകുട്ടികളിലില്ല. അടിയന്തര കിടത്തി ചികിത്സയടക്കം ആവശ്യമുള്ള അവസ്ഥയിലാണ് ചിലരെന്നും ഡോക്ടർമാർ പറഞ്ഞു. മുൻ സംസ്ഥന പ്രസിഡന്റ് ഡോ. വി.മുഹമ്മദ് ഷമീം, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അൻവർ റഹ്മാൻ, ജില്ലാ സെക്രട്ടറി ഡോ. സലിം. ഡോ. ഉമ്മുൽ ഖൈറ, ഡോ. മുബഷിറ, ഡോ. സൽമാനുൽ മുർഷിദ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വമേകി.
ബിജോഷ് മാനുവൽ വാർത്ത ബോക്സിൽ നൽകുമല്ലോ
നിരന്തരമായ ഇടപെടലുകൾ അനിവാര്യം: ബിജോഷ് മാനുവൽ
നിലമ്പൂർ: വന്യ മൃഗശല്യവും ദുർഘടമായ പാതകളും താണ്ടി വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലേക്ക് ആശ്വാസത്തിന്റെ തണലായി മാറാണ 'വേരുകൾ ' ക്യാമ്പിന് സാധിച്ചെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ പറഞ്ഞു. കേരളകൗമുദി, റോട്ടറി ക്ലബ്, അമൽ കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ഐ.എച്ച്.എം.എ എന്നിവരുടെ സംയുക്ത പങ്കാളിത്തം ഗോത്ര ഗ്രാമത്തിന്റെ മുന്നേറ്റത്തിന് കരുത്തേകും. വനത്തിനുള്ളിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അടുത്തേക്ക് ആരോഗ്യ സേവനങ്ങളെ എത്തിക്കുക എന്നത് വെറുമൊരു ക്യാമ്പല്ല, മറിച്ച് അതൊരു വലിയ ജീവൻരക്ഷാപ്രവർത്തനമാണ്. ആരോഗ്യപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടാൻ സാദ്ധ്യതയുള്ള ഇത്തരം മേഖലകളിൽ നിരന്തരമായ ഇടപെടലുകൾ അനിവാര്യമാണ്. മാദ്ധ്യമധർമ്മത്തിനപ്പുറം സാമൂഹിക സേവനത്തിന് മുൻഗണന നൽകിയ കേരളകൗമുദിയുടെ പ്രവർത്തനം മികച്ച മാതൃകയാണ്. ഇത്തരം പ്രവർത്തനങ്ങൾക്കുമുള്ള പിന്തുണ റോട്ടറിയിൽ നിന്ന് തുടർന്നും ഉണ്ടാകുമെന്നും ബിജോഷ് മാനുവൽ പറഞ്ഞു.
കാടിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയെ സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും ഓരോരുത്തരും പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 'വേരുകൾ' ശില്പശാലയിലൂടെ ആദിവാസുകൾക്കുള്ള ചാരിറ്റി പ്രവർത്തങ്ങളിൽ കൂടി പങ്കാളിയാവാൻ സാധിച്ചു. സമൂഹത്തിലെ ഇത്തരം ആളുകളെ പരിഗണിക്കുക എന്നത് ഏറെ സന്തോഷകരമാണ്.
എ.പി.മുജീബ് റഹ്മാൻ, മമ്പാട് ഹയർസെക്കന്ററി ഹൈസ്‌കൂൾ, സോഷ്യൽ സ്റ്റഡീസ് അദ്ധ്യാപകൻ.
വന്യമൃഗശല്യവും ദുർഘടമായ പാതകളും താണ്ടി, പുറംലോകവുമായി പരിമിതമായ സമ്പർക്കം പുലർത്തുന്ന വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലേക്ക് ആശ്വാസത്തിന്റെ തണലുമായെത്താൻ 'വേരുകൾ' ക്യാമ്പിന് സാധിച്ചിട്ടുണ്ട്. കാടിന്റെ പരിമിതികൾക്കുള്ളിൽ കഴിയുന്ന ജനതയ്ക്ക് മാനസികമായ ഊർജ്ജമേകാനായെന്ന ചാരിതാർത്ഥ്യവുമുണ്ട്. വനത്തിനുള്ളിലെ കോളനിയിൽ എത്തിച്ചേരുക എന്നത് തന്നെ വലിയ വെല്ലുവിളിയായിരിക്കെ അതേ ഏറ്റെടുത്ത് സാമൂഹിക പ്രതിബദ്ധത തെളിയിച്ച സംഘാടനം അഭിനന്ദനം അർഹിക്കുന്നു. വെറ്റിലക്കൊല്ലി നഗറിലെ നിവാസികൾക്ക് ആശ്വാസം പകരുന്നതിനൊപ്പം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അവർക്ക് ലഭിക്കേണ്ട കരുതലിന്റെ അടയാളം കൂടിയായി 'വേരുകൾ' ശില്പശാല.
എം.ഷാനവാസ്
റോട്ടറി അസി. ഡിസ്ട്രിക്ട് ഗവർണർ
അധഃസ്ഥിത വിഭാഗമായ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തികുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഈ അർത്ഥത്തിൽ 'വേരുകൾ' ക്യാമ്പിന് ഏറെ പ്രാധാന്യം കൈവന്നിട്ടുണ്ട്.
രാധ ദിവാകരൻ
സമൂഹത്തിന്റെ ശ്രദ്ധയും പരിഗണനയും ആദിവാസി ജനതയുടെ നിലനിൽപ്പിന് അനിവാര്യമാണ്. പ്രതികൂലമായ സാഹചര്യങ്ങളോട് പടവെട്ടിയാണ് ആദിവാസി സമൂഹം ജീവിക്കുന്നത്. മികച്ച ആരോഗ്യ, തൊഴിൽ, പാർപ്പിട സൗകര്യങ്ങൾ ഉറപ്പാക്കുക എന്നത് സർക്കാരുകൾക്കൊപ്പം പൊതുസമൂഹത്തിന്റെ കൂടി ധാർമ്മിക ഉത്തരവാദിത്വമാണ്.
അബ്ദുറഹ്മാൻ നാലകത്ത്
ആദിവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ 'വേരുകൾ' ശില്പശാല തീത്തും മാതൃകാപരമാണ്. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനതയെ കൂട്ടിപ്പിടിക്കുക എന്നത് മനുഷ്യത്വത്തിന്റെ കൂടി ഭാഗമാണ്.
സ്റ്റാർ ഇന്റീരിയൽ, കാവനൂർ റോഡ് മഞ്ചേരി