കൊച്ചി നഗരമാകെ പരന്ന് 'നരക'വായു

Sunday 01 February 2026 12:56 AM IST
വായു മലിനീകരണം

കൊച്ചി: നഗരത്തെ ശ്വാസംമുട്ടിച്ച് വായു മലിനീകരണം. കൊച്ചിയുടെ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 'അനാരോഗ്യം' എന്ന വിഭാഗത്തിൽ. പൊടിപടലങ്ങളും വ്യവസായ ശാലകളിൽ നിന്നും മറ്റുമുള്ള പുകയും നിറഞ്ഞ വായുവാണ് ണ് നഗര ജീവിതത്തെ നരകമാക്കി മാറ്റുന്നത്.

കഴിഞ്ഞ ദിവസം രാവിലെ കൊച്ചിയിലെ വായു ഗുണനിലവാരം ഏവരെയും ഞെട്ടിച്ച് 310 എന്ന സൂചികയിലെത്തി. അതിനു മുൻപത്തെ ദിവസങ്ങളിൽ ഇത് 177, 196 എന്നിങ്ങനെയായിരുന്നു. ഇത് പോലും വലിയ തോതാണ്. ഇത് നഗരവാസികളിൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ വായുമലിനീകരണത്തിന്റെ ആഘാതം ഒരു ദിവസം രണ്ട് മുതൽ മൂന്ന് സിഗരറ്റ് വരെ വലിക്കുന്നതിനു തുല്യമാണെന്നാണ് വിലയിരുത്തൽ. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള ഡൽഹിയിലെ എ.ക്യു.ഐ 206 ആണെന്നിരിക്കെയാണ് കൊച്ചിയിൽ 310 കടന്നിരിക്കുന്നത്. പ്ലാസ്റ്റിക് തരികളടക്കം അടങ്ങിയ പൊടിയാണിത് നഗരത്തിൽ പരക്കുന്നത്.

വ്യവസായ ശാലകൾ, വാഹനങ്ങൾ, വീട്ടുമാലിന്യം കത്തിക്കൽ എന്നിവയിൽ നിന്നാണ് പ്രധാനമായും മലിന വായു ഉണ്ടാകുന്നത്. ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാനാകുന്ന തരത്തിലാണിത്. ഉയർന്ന ഈർപ്പമുള്ള കൊച്ചിയിൽ വായുവിലെ മലിനീകരണം കൂടുതൽ സമയം നിലനിൽക്കുകയും ശ്വാസകോശത്തിലെത്തുകയും ചെയ്യും. ഇതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

രാത്രിയിൽ അതിരൂക്ഷം

പല ദിവസങ്ങളിലും രാത്രിയിൽ രൂക്ഷമായ ദുർഗന്ധമാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. രാത്രികാലങ്ങളിൽ വാഹന ഗതാഗതം കുറവായിട്ടും ഇതാണവസ്ഥ. ഏലൂർ, കളമശേരി എന്നിവിടങ്ങളിലും ഇതേപ്രശ്നമുണ്ട്.

ശ്വാസകോശ രോഗങ്ങൾ വർദ്ധിക്കുന്നു

ശ്വാസകോശ സംബന്ധമായ രോഗങ്ങളടക്കം വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ. ക്യാൻസർ, പാർക്കിൻസൺസ് ഉൾപ്പെടെയുള്ള രോഗങ്ങൾ, യുവാക്കളിൽ ഉത്സാഹമില്ലായ്മ, കുട്ടികൾക്കു ബൗദ്ധിക വെല്ലുവിളി തുടങ്ങിയ അവസ്ഥകൾക്കും മലിനീകരണം കാരണമാകുമെന്ന് ആരാേഗ്യവിദഗ്ദ്ധർ പറയുന്നു.

നഗരത്തിലെ മലിനീകരണം സംബന്ധിച്ചു ഹൈക്കോടതി ഒട്ടേറെ ഉത്തരവുകൾ നൽകിയെങ്കിലും വലിയ മാറ്റമുണ്ടായിട്ടില്ല. പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങൾ തുടങ്ങിയവയുടെ സംസ്‌കരണത്തിന് ബ്രഹ്മപുരം തീപിടിത്തത്തിനുശേഷം നടപടികളുണ്ടായിട്ടുണ്ടെങ്കിലും വായുഗുണനിലവാരത്തിന്റെ കാര്യത്തിൽ സ്ഥിതിഗതികൾ പഴയതുപോലെതന്നെ.