സഹപാഠിക്ക് ഭൂമി വാങ്ങി കിടപ്പാടമൊരുക്കി കൂട്ടുകാർ
ആലുവ: ഭൂമിയും വീടുമില്ലാതെ ദുരിതത്തിലായിരുന്ന സഹപാഠിക്ക് മൂന്നര സെന്റ് ഭൂമി വാങ്ങി വീടുനിർമ്മിച്ച് നൽകി ആലുവ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂൾ എൻ.എസ്.എസ് യൂണിറ്റും പി.ടി.എയും സംയുക്തമായി 25 ലക്ഷം രൂപ സമാഹരിച്ചാണ് സ്നേഹഭവനം പൂർത്തിയാക്കിയത്. അൻവർ സാദത്ത് എം.എൽ.എ ഇന്നലെ വീടിന്റെ താക്കോൽദാനം നിർവഹിച്ചു.
ആലപ്പുഴ സ്വദേശികളായ പ്രസാദും മധുബാലയും ഓട്ടിസം ബാധിച്ച കുട്ടി ഉൾപ്പെടെ മൂന്ന് പെൺമക്കളുമായി ഏഴ് വർഷം മുമ്പാണ് ചുണങ്ങംവേലി പുഷ്പനഗർ കോളനിയിലെ വാടകവീട്ടിലെത്തിയത്. കൊവിഡ് കാലത്ത് പ്രസാദ് മരിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. മൂത്തമകളെ പരിചരിക്കേണ്ടതിനാൽ മധുബാലയ്ക്ക് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. രണ്ടാമത്തെ മകൾ ഫാർമസിസ്റ്റ് കോഴ്സിനും മൂന്നാമത്തെ മകൾ ആലുവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചിരുന്നത്.
2023ൽ പ്ലസ് വണ്ണിന് ചേർന്ന വിദ്യാർത്ഥിനിയുടെ ദുരിതാവസ്ഥ സഹപാഠികൾ തിരിച്ചറിഞ്ഞതോടെയാണ് എൻ.എസ്.എസ് യൂണിറ്റും പി.ടി.എയും വീട് നിർമ്മാണത്തിന് മുൻകൈയെടുത്തത്. കീഴ്മാട് പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥലം വാങ്ങി നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥിനി പ്ലസ് ടു പഠനം പൂർത്തിയാക്കി സ്കൂൾ വിട്ടെങ്കിലും സഹപാഠികൾ ഒത്തൊരുമിച്ച് 720 ചതുരശ്ര അടിയിലുള്ള വീട് പൂർത്തിയാക്കുകയായിരുന്നു.
ആലുവ നഗരസഭാ ചെയർപേഴ്സൺ സൈജി ജോളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥലത്തിന്റെ ആധാരം ഡോ. ഫ്രെഡി സൈമൺ കൈമാറി. സംഘാടക സമിതി ചെയർമാൻ വി.എസ്. സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, ഫാസിൽ ഹുസൈൻ, ശ്രീലത രാധാകൃഷ്ണൻ, ഷിബു ജോയി, കെ.ടി. റെജി, കെ.എ. രമേശ്, എം.ജി. റോസ, പി.ബി. റോണി, അബ്ദുൾ റഷീദ്, പി.എം. ഷിഹാബ്, അജിത്ത് കുമാർ, ബീന ബാബു, എൽസി ജോസഫ്, പ്രീത റെജി, സിനിമോൾ ജയകുമാർ, ഷെമീർ സെയ്ദാലി തുടങ്ങിയവർ പങ്കെടുത്തു.