ചൊവ്വാഴ്ച്ച കരാർ ഒപ്പിടും: അഞ്ച് നിലകളിൽ ഉയരും ആലുവ കോടതി സമുച്ചയം
ആലുവ: ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം ആലുവ കോടതി സമുച്ചയ നിർമ്മാണ കരാർ ചൊവ്വാഴ്ച്ച ഒപ്പിടും. ഒറ്റപ്പാലം സ്വദേശി സുരേഷ് ഗോപിനാഥിന്റെ ഉടമസ്ഥതയിലുള്ള അമ്മു കൺസ്ട്രക്ഷൻ കമ്പനിയാണ് 35 കോടിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്.
പി.ഡബ്ല്യൂ.ഡിയുമായി ചൊവ്വാഴ്ച കരാർ ഒപ്പിടും. രണ്ട് ബേസ്‌മെന്റ് ഫ്ലോറുകളും മൂന്ന് നിലകളും വരുന്ന കോടതി സമുച്ചയത്തിന്റെ നിർമ്മാണം 18 മാസം കൊണ്ട് പൂർത്തിയാകും. 79172 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. കമ്പനിയുമായി കരാർ ഒപ്പുവച്ചാലുടൻ ഹൈക്കോടതിയുടെ അനുമതിയോടെ നിർമ്മാണം ആരംഭിക്കും.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുടെ പ്രാഥമിക യോഗം ജില്ലാ ജഡ്ജി ഹണി എം. വർഗ്ഗിസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കോടതിയിൽ ചേർന്നു. പദ്ധതിക്കായി 38 കോടി രൂപ മൂന്ന് വർഷം മുമ്പാണ് സർക്കാർ അനുവദിച്ചത്. സമീപം സബ് ജയിൽ ഉള്ളതിനാൽ സങ്കേതിക അനുമതി ലഭിക്കാൻ വൈകി. രൂപരേഖയും മാറ്റേണ്ടി വന്നു. ഇതെല്ലാം നിർമ്മാണം ആരംഭിക്കുന്നത് വൈകിപ്പിച്ചു.
എം.എൽ.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
നിർദ്ദിഷ്ട കോടതി സമുച്ചയം നിർമ്മിക്കുന്ന സ്ഥലം അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. സ്പെഷ്യൽ ബിൽഡിംഗ് അസി. എക്‌സി.എൻജിനീയർകെ.ആർ. ബിനു, എം.കെ.നിത്യ, അസി. എൻജിനീയർ എ. അസീം, ആലുവ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.എൻ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി അഡ്വ. ആർ. വിഷ്ണു, കരാറുകാരൻ സുരേഷ് ഗോപിനാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അഞ്ച് കോടതികൾ ഒരു കുടക്കീഴിൽ
രണ്ട് മജിസ്ട്രേറ്റ് കോടതികൾ, ഒരു മുൻസിഫ് കോടതി, ഒരു കുടുംബ കോടതി, ഒരു പോക്സോ കോടതി എന്നിവയാണ് പുതിയ കോടതി മന്ദിരത്തിലേക്ക് വരുന്നത്. നിലവിൽ മജിസ്ട്രേറ്റ് കോടതികളും മുൻസിഫ് കോടതിയും ബി.എസ്.എൻ.എൽ കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തിക്കുകയാണ്. കുടുംബ കോടതി സീനത്ത് തീയറ്ററിന് എതിർവശത്തെ കെട്ടിടത്തിലും പോക്സോ കോടതി മുനിസിപ്പൽ ഓഫീസിന് എതിർവശത്തെ കെട്ടിടത്തിലുമാണ് വാടകയ്ക്ക് പ്രവർത്തിക്കുന്നത്.
സർക്കാരിന്റെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച സാഹചര്യത്തിൽ ഈ മാസം രണ്ടാം വാരം ഹൈക്കോടതിയുടെ അനുമതിയോടെ നിർമ്മാണോദ്ഘാടനം നടത്താനാകും
അൻവർ സാദത്ത് എം.എൽ.എ