സി.ജെ. റോയ് സുഹൃത്തിനേക്കാൾ ഉപരി: മോഹൻലാൽ
കൊച്ചി: ഒരു സുഹൃത്തിനേക്കാൾ ഉപരിയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് എന്ന് ചലച്ചിത്രതാരം മോഹൻലാൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. അങ്ങേയറ്റം വേദനാജനകം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. സ്‌നേഹത്തോടും ഊഷ്മളതയോടും കൂടി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുമെന്നും ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. മോഹൻലാലിന്റെ കടുത്ത ആരാധകനായിരുന്ന സി.ജെ. റോയ് മലയാളത്തിൽ നിർമ്മിച്ച സിനിമകളിൽ കൂടുതലും മോഹൻലാലിന്റേതാണ്. കാസനോവ, ലേഡീസ് ആൻഡ് ജന്റിൽമാൻ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിൽ മോഹൻലാലാണ് നായകൻ. 2012ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവയിലൂടെയാണ് സിനിമാനിർമ്മാണരംഗത്ത് എത്തിയത്. സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആൻഡ് ജന്റിൽമാൻ തൊട്ടടുത്തവർഷവും പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ 2021ലുമാണ് ഇറങ്ങിയത്.
സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം വേണം:എം.വി. ഗോവിന്ദൻ
കണ്ണൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണം അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദൻ ആവശ്യപ്പെട്ടു. മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യവസായി റോയിയുടെ മരണം ദൗർഭാഗ്യകരമാണ്. മരണത്തിനിടയാക്കിയത് റെയ്ഡിന്റെ മറവിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പീഡനമാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിട്ടുണ്ട്.കേന്ദ്ര അന്വേഷണ ഏജൻസികളെക്കുറിച്ച് നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്. മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയുന്നില്ല. പരിഹരിക്കാൻ കഴിയാവുന്ന പ്രശ്നങ്ങൾ മാത്രമേ റെയ്ഡിനു ശേഷവും ഉണ്ടായിരുന്നുള്ളൂ. റോയി സ്വയം വെടിവച്ചു മരിച്ചതിനു ശേഷവും ഒന്നര മണിക്കൂറോളം റെയ്ഡ് തുടർന്നെന്നാണ് മനസിലാക്കുന്നത്. നേരത്തെയും രാജ്യത്തെ വ്യവസായികളോടും മറ്റുള്ളവരോടും കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരുടേത് ഇതേ സമീപനമാണെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.