അതിവേഗ ട്രെയിൻ: പ്രതിപക്ഷം എതിരല്ലെന്ന് വി.ഡി. സതീശൻ

Sunday 01 February 2026 12:02 AM IST

തിരുവനന്തപുരം: കേരളത്തിൽ അതിവേഗ ട്രെയിൻ കൊണ്ടുവരുന്നതിന് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരിസ്ഥിതി പരിശോധന നടത്തി കേരളത്തിന് താങ്ങാൻ പറ്റുന്ന പദ്ധതിയാണ് വരേണ്ടത്. പ‌ത്തു‌വർഷം കഴിഞ്ഞ് പോകുന്ന പോക്കിൽ പ്രാരംഭ പഠനം പോലും നടത്താതെയാണ് സംസ്ഥാന സർക്കാർ അതിവേഗ റെയിൽ പാതയെക്കുറിച്ച് പറയുന്നത്. നല്ല പദ്ധതി ആര് കൊണ്ടുവന്നാലും പിന്തുണയ്ക്കും.

ഡി.പി.ആർ കണ്ടതുകൊണ്ടും കേരളത്തിൽ പാരിസ്ഥിതിക ദുരന്തം ഉണ്ടാക്കുമെന്നും മനസിലാക്കിയാണ് കെ റെയിലിനെ യു.ഡി.എഫ് എതിർത്തത്. പദ്ധതി പ്രഖ്യാപിച്ചത് റെയിൽവേയാണ്. അവർക്കാണ് അതിന്റെ ഉത്തരവാദിത്തം. ഇ. ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിയെക്കുറിച്ച് കേന്ദ്രത്തോട് പറഞ്ഞിരുന്നെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്ക് പറയാം, പ്രതിപക്ഷ നേതാവിന് പറയാൻ പാടില്ലെന്നാണ് നിലപാട്.

മന്ത്രി വി. ശിവൻകുട്ടിയുമായി തർക്കത്തിനോ സംവാദത്തിനോ ഇല്ല. അദ്ദേഹം വെല്ലുവിളിച്ചാൽ സ്വീകരിക്കാനുള്ള ആരോഗ്യം എനിക്കില്ല. വ്യവസായി സി.ജെ. റോയിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.