പ്ളസ് ടു തുല്യതാ വിജയികൾക്കായി ഡിപ്ലോമ കോഴ്സുമായി സാക്ഷരതാമിഷൻ

Sunday 01 February 2026 12:11 AM IST

ആലപ്പുഴ: പ്ലസ്ടു തുല്യതാ പഠനം പൂ‌ർത്തിയായവർക്കായി തൊഴിൽസാദ്ധ്യതയുള്ള ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കാൻ സാക്ഷരതാമിഷൻ. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ അഞ്ച് കോഴ്സുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങുക. ഇതിനായി സാക്ഷരതാമിഷനും ശ്രീനാരായണഗുരു ഓപ്പൺ സ‌ർവകലാശാലയും മന്ത്രി ആ‌ർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ധാരണാപത്രം ഒപ്പുവച്ചു.

കരിക്കുലം, സിലബസ് എന്നിവ യു.ജി.സി മാനദണ്ഡങ്ങളനുസരിച്ച് സിൻഡിക്കേറ്റ് അംഗീകരിക്കേണ്ടതുണ്ട്. നാല് ഡിപ്ലോമ കോഴ്സുകളും ഒരു പി.ജി ഡിപ്ലോമ കോഴ്സുമാണ് ഇപ്പോൾ ആരംഭിക്കുക. ഡിഗ്രി,ഡിപ്ലോമ കഴിഞ്ഞവർക്ക് പി.ജി ഡിപ്ലോമ കോഴ്സിന് ചേരാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠിതാക്കൾക്ക് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ഫീസ് നൽകുന്നതിനുള്ള പദ്ധതിയൊരുക്കും. ഓൺലൈൻ ക്ലാസുകൾക്കായി ലേണിംഗ് സെന്ററുകൾ ആരംഭിക്കും. ഇവിടെ കോ ഓർഡിനേറ്റർമാരും ഉണ്ടാകും.ലേണിംഗ് സെന്ററുകളുടെ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കും കോഴ്സ് നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പരീക്ഷ, സ‌ർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ ചുമതല സർവകലാശാലയ്ക്കുമാണ്. നിലവിൽ ജില്ലാ പഞ്ചായത്തുകൾ മുൻകൈയെടുത്ത് വിവിധ ജില്ലകളിൽ നിന്നുള്ള പഠിതാക്കൾക്കായി ബിരുദപഠനാവസരം ഒരുക്കിയിട്ടുണ്ട്.

മൂന്ന് വർഷത്തിനുള്ളിൽ 25 കോഴ്സുകൾ

 കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് വിജ്ഞാന കേരളം വഴി തൊഴിലവസരം ഒരുക്കും  ഒരുവർഷത്തിനുള്ളിൽ പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

 മൂന്ന് ഘട്ടങ്ങളായി 25 ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുകയാണ് ലക്ഷ്യം

കോഴ്സുകൾ

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ട്രെയിനിംഗ് ഫോർ ടീച്ചേഴ്‌സ്

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്

ഡിപ്ലോമ ഇൻ ബ്യൂട്ടി കെയർ ആൻഡ് മാനേജ്‌മെന്റ്

ഡിപ്ലോമ ഇൻ നഴ്‌സിംഗ് അസിസ്റ്റൻസ്

പി.ജി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്

ഒരുവർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് വിദേശത്തടക്കം ജോലി നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.

- എ.ജി. ഒലീന ,ഡയറക്ടർ, സംസ്ഥാന സാക്ഷരതാ മിഷൻ