ലോക കേരളസഭ: ശ്രദ്ധാകേന്ദ്രമായി കേര പവിലിയൻ

Sunday 01 February 2026 12:27 AM IST

തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി–വാല്യൂ ചെയിൻ മോഡേണൈസേഷൻ പ്രോജക്റ്റ് ( കേര ) ഒരുക്കിയ പ്രത്യേക പവിലിയൻ ലോക കേരള സഭയുടെ വേദിയിൽ ശ്രദ്ധാകേന്ദ്രമായി. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കൃഷി മാതൃകകളും നിക്ഷേപ സാദ്ധ്യതകളും പരിചയപ്പെടുത്തുന്ന വേദിയായാണ് പവിലിയൻ പ്രവർത്തിച്ചത്. ആധുനിക അഗ്രി പാർക്കുകൾ, പ്രൊഡക്ടീവ് അലയൻസുകൾ, നാണ്യവിളകളുടെ പുനർനടീൽ, നവോ-ധൻ പദ്ധതിയിലൂടെ തരിശുഭൂമികളുടെ പുനരുജ്ജീവനം തുടങ്ങിയവ അവതരിപ്പിച്ചു. പ്രവാസി മലയാളി സംരംഭകരും വിദേശ ബിസിനസ് പ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ പവിലിയൻ സന്ദർശിച്ചു. കേരളത്തിന്റെ കാർഷിക മൂല്യ ശൃംഖലയെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിനുള്ള നിക്ഷേപ, സാങ്കേതിക, മാർക്കറ്റ് സഹകരണ സാധ്യതകൾ ചർച്ചയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് പ്രതിനിധികൾകേര പവിലിയൻ സന്ദർശിച്ച് ചർച്ചകൾ നടത്തി.പദ്ധതിയുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചവരുമായി തുടർ ചർച്ചകൾ നടത്തുമെന്ന് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അറിയിച്ചു.