കേരള കുംഭമേള: ശ്രീമഹാ ശ്രീചക്ര നവാവരണപൂജ ഇന്ന്
തിരൂർ: കേരള കുംഭമേളയായി ആഘോഷിക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് പൗർണ്ണമി, തൈപ്പൂയ്യം, മാഘപൂർണ്ണിമ, പൂയ്യം നക്ഷത്രം എന്നീ ശുഭയോഗങ്ങളിൽ വിവിധ വിശേഷ പൂജകളും ആചാരങ്ങളും നടക്കും. രാവിലെ ആറിന് ആചാര്യൻ സൂര്യകാലടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മഹാഗണപതിഹോമം ആരംഭിക്കും. രാവിലെ 11.30 മുതൽ ആചാര്യൻ പ്രൊഫ. ഹരീഷ് ചന്ദ്രശേഖരൻ നേതൃത്വം നൽകുന്ന
ദേവീഭാഗവത പാരായണം, ലളിതാസഹസ്രനാമ യജ്ഞം, ദേവീനാമജപം എന്നിവ നടക്കും.
രാവിലെ 7.30നും വൈകിട്ട് നാലിനും കാവടിയാട്ടം. രാവിലെ 10.30 മുതൽ ഒരു മണി വരെ ആണ്ടിയൂട്ട്.
വൈകിട്ട് നാലുമുതൽ ശ്രീമഹാ ശ്രീചക്ര നവാവരണപൂജ നടക്കും.
സർവ്വാഭീഷ്ട സിദ്ധിക്കും സർവ്വൈശ്വര്യത്തിനും രാഷ്ട്രരക്ഷയ്ക്കും ലോകക്ഷേമത്തിനുമായി നടത്തുന്ന വിശിഷ്ടമായ താന്ത്രിക സപര്യയാണ് ശ്രീമഹാ ശ്രീചക്ര നവാവരണപൂജ.
ആലുവ തന്ത്രവിദ്യാപീഠം അദ്ധ്യക്ഷനും താന്ത്രികാചാര്യനുമായ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കുന്ന പൂജ സംഗീതാർച്ചന, നൃത്തസമർപ്പണം, വേദസൂക്താർച്ചന എന്നിവയോടെ നടക്കും. അഭീഷ്ടകാര്യസിദ്ധിക്കായി ശ്രീമഹാ ശ്രീചക്ര നവാവരണപൂജ വഴിപാടായി കഴിക്കണമെന്നാഗ്രഹിക്കുന്നവർ മഹാമാഘ സംഘാടക സമിതിയുമായി ബന്ധപ്പെടണം.
ഇന്നലെ പുലർച്ചെ ആചാര്യൻ വിഷ്ണു ആനന്ദിന്റെ കാർമ്മികത്വത്തിൽ ദക്ഷിണാമൂർത്തി പൂജയും വൈകിട്ട് ഭൈരവപൂജയും നടന്നു.