കൊട്ടാരക്കര ഫയർ സ്റ്റേഷന് നല്ലകാലം വരുന്നു, 3 കോടി രൂപയുടെ പദ്ധതി
കൊല്ലം: കൊട്ടാരക്കര ഫയർ സ്റ്റേഷന്റെ പരിമിതികൾക്ക് പരിഹാരമാകൂന്നു. ഫയർ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ചു. 2010ൽ കൊട്ടാരക്കരയിൽ പ്രവർത്തനം തുടങ്ങിയ ഫയർ സ്റ്റേഷൻ തീർത്തും പരിതാപകരമായിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലെ സസ്യമാർക്കറ്റ് ഫയർ സ്റ്റേഷനായി മാറ്റുകയായിരുന്നു. ചന്തയുടെ ഭാഗമായിരുന്ന കടമുറികളും അന്നുണ്ടാക്കിയ താത്കാലിക സംവിധാനങ്ങളും മാത്രമാണ് ഫയർ സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്കുള്ളത്. ഇവിടുത്തെ ദുരിതങ്ങളും പ്രവർത്തനത്തിലെ മികവുകളും അക്കമിട്ട് നിരത്തി 'ചുറ്റും പരിമിതികൾ, തീ തിന്ന് കൊട്ടാരക്കര ഫയർ സ്റ്റേഷൻ!' എന്ന തലക്കെട്ടോടെ ഡിസംബർ 17ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ തുടർ വാർത്തകളും പ്രസിദ്ധീകരിച്ചു. ഇതോടെ മന്ത്രി കെ.എൻ.ബാലഗോപാൽ ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി. വികസന പ്രവർത്തനങ്ങൾക്കായി ഇപ്പോൾ തുക അനുവദിക്കുകയും ചെയ്തു.
പുതിയ കെട്ടിടവും സൗകര്യങ്ങളുമെത്തും
- കൊട്ടാരക്കര ടൗണിൽത്തന്നെ പുലമൺ പാലത്തിന് സമീപത്തായിട്ടാണ് നിലവിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
- അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു.
- പുതിയ ബൈപ്പാസ് വരുന്നതോടെ ഫയർ സ്റ്റേഷനിലേക്ക് എത്തുന്ന തരത്തിൽ റോഡ് നിർമ്മിക്കാനും പദ്ധതിയുണ്ട്.
- ആ നിലയിൽ നിലവിലെ സ്ഥലത്തുതന്നെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് സാദ്ധ്യത.
- പുതിയ ഓഫീസ് കെട്ടിടം, ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനുള്ള സ്ഥലം, ഫ്രണ്ട് ഓഫീസ്, ടൊയ്ലറ്റ് സംവിധാനങ്ങൾ, വാഹനങ്ങൾക്കുള്ള പാർക്കിംഗ് ഷെഡ്, അറ്റകുറ്റപ്പണികൾക്കുള്ള സ്ഥലം തുടങ്ങിയവ സജ്ജമാക്കും.
- മുറ്റം ഇന്റർലോക്ക് പാകും.
സോണി.എസ്.കുമാറിന്റെ പേര് നൽകണം
കഴിഞ്ഞ ഒക്ടോബർ 13ന് അർദ്ധരാത്രിയിൽ ആനക്കോട്ടൂരിൽ കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കൊട്ടാരക്കര ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തിരുവനന്തപുരം ആറ്റിങ്ങൽ മമതയിൽ (ഹൃദ്യം) സോണി.എസ്.കുമാർ (36) മരണപ്പെട്ടിരുന്നു. ഫയർ സ്റ്റേഷന് പുതിയ കെട്ടിടമുണ്ടാകുമ്പോൾ ഒരു ബ്ളോക്കിന് ഡ്യൂട്ടിക്കിടെ മരണപ്പെട്ട സോണിയുടെ പേര് നൽകണമെന്ന ആവശ്യവും ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്.
പ്രദേശത്ത് അടിയന്തര ഘട്ടങ്ങളിലെല്ലാം ഫയർഫോഴ്സിന്റെ സേവനം ലഭിക്കുന്നുണ്ട്. ഒട്ടേറെ അസൗകര്യങ്ങൾ നിലവിലുണ്ട്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യതയാണ്. തുക അനുവദിച്ചു, നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്മാണം തുടങ്ങും.
കെ.എൻ.ബാലഗോപാൽ, മന്ത്രി