@ മീറ്റ് പോയിന്റ് കൗണ്ടറുകൾ തുറന്നു ഇനി ജെൻZ കുടുംബശ്രീ

Sunday 01 February 2026 12:54 AM IST
ഇരിങ്ങാടൻ പള്ളിയിൽ ആരംഭിച്ച കുടുംബശ്രീ. മീറ്റ് പോയിന്റ് ’ ടേക്ക് എവേ കൗണ്ടർ

കോഴിക്കോട്: ചിക്കൻ നഗട്ട്സ്, മോമോസ്..... രുചികരമായ ചിക്കൻ വിഭവങ്ങളും ലഘുഭക്ഷണങ്ങളുമായി ജെൻസി പിള്ളേരെ കൈയിലെടുക്കാൻ കുടുംബശ്രീ. മീറ്റ് പോയിന്റ് ’ ടേക്ക് എവേ കൗണ്ടറുകൾ വഴിയാണ് പ്രഭാതഭക്ഷണം, രാത്രിഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽചാത്തമംഗലം, ഇരിങ്ങാടൻ പള്ളി, കൊയിലാണ്ടി കുറുവങ്ങാട് എന്നിവിടങ്ങളിലായി മൂന്ന് കൗണ്ടറുകൾ പ്രവർത്തനമാരംഭിച്ചു. വടകരയിൽ ഉടൻ ആരംഭിക്കും. കുടുംബശ്രീ കഫേ, കാന്റീൻ യൂണിറ്റുകൾക്ക് സ്ഥിരവരുമാന മാർഗം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങളായവർക്കും,അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാം. ഏകീകൃത മാതൃകയിലാണ് സംരംഭം.

വിഭവങ്ങൾ

ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗെട്ട്സ്, കബാബ്, മോമോസ്, സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്, ചിക്കൻ ബ്രീഡഡ് പോപ്സ്, ചിക്കൻ മീറ്റ് ബോൾസ് തുടങ്ങിയവ വിഭവങ്ങളാണ് കൗണ്ടറുകൾ വഴി ലഭ്യമാകുക. തിരഞ്ഞെടുത്ത അംഗങ്ങൾക്ക് അടുത്തയാഴ്ച കൊല്ലത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുമായി സഹകരിച്ചd ഭക്ഷ്യവിഭവങ്ങൾ, ചേരുവകൾ തയ്യാറാക്കൽ, ഫുഡ് പായ്ക്കിംഗ് എന്നിവയിലടക്കം മികച്ച പരിശീലനം നൽകും. അംഗങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാൽ നിലവിൽ ലഘുഭക്ഷണങ്ങളും ചായയും മാത്രമാണ് നൽകുന്നത്. പരിശീലനം ലഭിക്കുന്നതോടെ ചിക്കൻ വിഭവങ്ങളും രാത്രി സ‌ർവീസ് ഉൾപ്പെടയുള്ളവ ആരംഭിക്കും.

രണ്ടം ഘട്ടം നാല് കൗണ്ടറുകൾ

രണ്ടാംഘട്ടത്തിൽ നാല് കൗണ്ടറുകളാണ് ആരംഭിക്കുക. ഇതിനായി അപേക്ഷ ക്ഷണിച്ചു. പദ്ധതിയിൽ അംഗമാകുന്ന ഗ്രൂപ്പ് അംഗങ്ങൾക്ക് അഞ്ച് ലക്ഷവും വ്യക്തികൾക്ക് മൂന്ന് ലക്ഷം വരേയാണ് നാല് ശതമാനം പലിശ നിരക്കിൽ ലോൺ ലഭ്യമാക്കുന്നത്. ഇവ കൂടാതെ 50000 രൂപ ബ്രാൻഡിംഗിനും 25000 സ്റ്റാർട്ട് അപ്പ് ഫണ്ടായും കുടുംബശ്രീ നൽകും. താത്പര്യമുള്ള അയൽക്കൂട്ട-ഓക്സിലറി അംഗങ്ങൾ അതത് കുടുംബശ്രീ ജില്ലാമിഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.