റിട്ട. അങ്കണവാടി ജീവനക്കാരുടെ: പെൻഷൻ മുടങ്ങിയിട്ട് മൂന്ന് മാസം
പത്തനംതിട്ട: മൂന്ന് മാസമായി പെൻഷൻ തുക ലഭിക്കാതെ ദുരിതത്തിലായി റിട്ട. അങ്കണവാടി ജീവനക്കാർ. സർവീസിൽ നിന്ന് വിരമിച്ച അങ്കണവാടി വർക്കർമാർക്കും സഹായികൾക്കും ലഭിക്കുന്ന പെൻഷനാണ് മുടങ്ങിയത്. അറുപത്തിരണ്ടാണ് വിരമിക്കൽ പ്രായം.
മിക്കവരുടെയും ആരോഗ്യസ്ഥിതി മോശമായതിനാൽ ആകെയുള്ള ആശ്വാസം പെൻഷൻ തുകയായിരുന്നു. ഇത് ലഭിക്കാതായതോടെ മരുന്ന് വാങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. പ്രായമേറിയതിനാൽ മറ്റ് ജോലികൾക്ക് പോകാൻ കഴിയാത്തവരാണ് അധികവും. ചിലർ ജോലി ചെയ്യാൻ സന്നദ്ധരാണെങ്കിലും ജോലി നൽകാൻ പലരും മടിക്കുന്നു.
തങ്ങൾ ജോലി ചെയ്ത കാലയളവിൽ ക്ഷേമനിധിയിൽ അടച്ച തുകയാണ് പെൻഷനായി ലഭിക്കുന്നത്. അതുപോലും നിലവിൽ മുടങ്ങിയിരിക്കുകയാണ്. 2021ന് ശേഷം ആറ് മാസത്തിൽ കൂടുതൽ ലീവെടുത്തവർക്ക് നിലവിൽ ക്ഷേമനിധി പെൻഷൻ ലഭിക്കുന്നില്ലെന്ന് റിട്ട. ജീവനക്കാർ പറയുന്നു.
കഴിഞ്ഞ നവംബറിലാണ് ഏറ്റവും ഒടുവിലായി പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിന് 20 കോടി രൂപ അനുവദിച്ചത്. എന്നാൽ പെൻഷൻ മുടങ്ങിയിട്ടും ഇത്തവണത്തെ ബഡ്ജറ്റിൽ റിട്ട. അങ്കണവാടി ജീവനക്കാരെ പരിഗണിച്ചതുമില്ല.
ഫണ്ടില്ലെന്ന് ക്ഷേമനിധി അധികൃതർ
പെൻഷൻ വിതരണത്തിന് ഫണ്ടില്ലെന്ന് ക്ഷേമനിധി അധികൃതർ
ബോർഡിന് സാമ്പത്തിക സ്വയം പര്യാപ്തതയില്ല
സർക്കാർ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്
ലീവെടുത്തതാണ് പെൻഷൻ മുടങ്ങാൻ കാരണമായി അധികൃതർ പറയുന്നത്
തുടർച്ചയായി ആറുമാസം ക്ഷേമനിധി അടച്ചില്ലെങ്കിലും പെൻഷൻ ലഭിക്കില്ല
എന്നാൽ ക്ഷേമനിധി കൃത്യമായി അടച്ചവർക്കും പെൻഷൻ ലഭിക്കുന്നില്ല
ആവശ്യങ്ങൾ
തുക 2500ൽ നിന്ന് വർദ്ധിപ്പിക്കുക
എല്ലാ വർഷവും പെൻഷൻ തുക ബഡ്ജറ്റിൽ ഉൾപ്പെടുത്തുക
ഗ്രാറ്റുവിറ്റി വിതരണം ചെയ്യുക
പെൻഷൻ സർക്കാർ ഫണ്ടിൽ നിന്ന് അനുവദിക്കുക
അങ്കണവാടി പെൻഷണേഴ്സിന് ഒരുപോലെ ക്ഷേമ പെൻഷൻ കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കുക
പെൻഷൻ
അങ്കണവാടി ജീവനക്കാർ (വർക്കേഴ്സ്) ₹ 2500
സഹായി ₹ 1500
സെക്രട്ടേറിയറ്റിന് മുന്നിലടക്കം വിവിധ സമരങ്ങൾ നടത്തിയെങ്കിലും നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രായമായ അങ്കണവാടി ജീവനക്കാരെ അവഗണിക്കുകയാണ്.
എസ്.ശശികല
റിട്ട അങ്കണവാടി വർക്കർ