ഒരുവർഷത്തിനിടെ കടിയേറ്റത് 12,234 പേർക്ക്; വേണം പേർട്ടബിൾ എ.ബി.സി യൂണിറ്റ്
മലപ്പുറം: ജില്ലയിൽ തെരുവുനായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും പോർട്ടബിൾ എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) യൂണിറ്റ് സ്ഥാപിക്കാൻ നടപടിയെടുക്കാതെ തദ്ദേശ സ്വയംഭരണ വകുപ്പ്. മൃഗസംരക്ഷണ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ വിവിധ ജില്ലകളിലായി 21 പോർട്ടബിൾ എ.ബി.സി സെന്ററുകൾ ആരംഭിച്ചപ്പോൾ മലപ്പുറം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രമാണ് ഇതിനുള്ള സൗകര്യം ഒരുക്കാത്തത്. എറണാകുളത്തും പാലക്കാടും നാല് വീതം പോർട്ടബിൾ എ.ബി.സി യൂണിറ്റുകൾ തുടങ്ങിയിട്ടുണ്ട്.
ഓപ്പറേഷൻ തിയേറ്റർ, ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം, നായകളെ പാർപ്പിക്കാനുള്ള കൂട്, മാലിന്യസംസ്‌കരണ സംവിധാനം, വെള്ളം, വൈദ്യുതി ഉൾപ്പെടെ സൗകര്യങ്ങൾ സജ്ജമാക്കിയാണ് പോർട്ടബിൾ എ.ബി.സിയുടെ പ്രവർത്തനം. 25 ലക്ഷം രൂപയാണ് ഒരു യൂണിറ്റിന്റെ ചെലവ്. ആയാസരഹിതമായി മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ മേന്മ. ജില്ലയിൽ സ്ഥിരം എ.ബി.സി കേന്ദ്രം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ഏറെക്കാലമായി തെരുവ് നായകളുടെ വന്ധ്യംകരണം മുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോർട്ടബിൾ എ.ബി.സി യൂണിറ്റ് എങ്കിലും ആരംഭിക്കാൻ അടിയന്തിര നടപടികളെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെടുന്നില്ല.
പൊറുതിമുട്ടി ജനം 2025ൽ 12,234 പേരാണ് ജില്ലയിൽ നായയുടെ കടിയേറ്റ് ചികിത്സ തേടിയത്. ഇക്കാലയളവിൽ പേവിഷബാധയേറ്റ് മൂന്ന് പേരും മരണപ്പെട്ടു. ഓരോ വർഷവും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ജില്ലയിൽ ആകെ ഒരാൾക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്. അതേസമയം ആക്രമണത്തിന് ഇരയായ വളർത്തുമൃഗങ്ങളുടെ ഉടമസ്ഥരായ 131 പേർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്.
വർഷം ............ നായയുടെ കടിയേറ്റവർ 2025 ............... 12,234 2024 ................ 11,143 2023 ................ 13,658 2022 ................11,543 2021 ................. 8,887
വർഷം .............പേവിഷബാധയേറ്റ് മരിച്ചവർ 2025 ................. 3 2024 ................. 0 2023 .................. 1 2022 .................. 1 2021 ....................1