കോന്നി- അച്ചൻകോവിൽ പാതയിൽ വന്യമൃഗങ്ങൾ

Sunday 01 February 2026 12:03 AM IST

കോന്നി: വേനൽ കടുത്തതോടെ കോന്നി- അച്ചൻകോവിൽ വനപാതയിൽ വന്യമൃഗ സാന്നിദ്ധ്യം വർദ്ധിച്ചു. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി, മണ്ണാറപ്പാറ റേഞ്ചുകളിലൂടെ കടന്നുപോകുന്ന വനപാതയിലെ വളവുകളിൽ കാട്ടാനക്കൂട്ടം സ്ഥിരം കാഴ്ചയാണ്.

വളവുകൾ തിരിഞ്ഞുവരുന്ന വാഹനങ്ങൾ പെട്ടെന്നാവും കാട്ടാനകൾക്ക് മുന്നിൽ അകപ്പെടുന്നത്. കാട്ടുപോത്ത്, കടുവ, കരടി, പുലി, മ്ലാവ് എന്നിവയെല്ലാം വനപാതയ്ക്ക് സമീപത്ത് തന്നെയുണ്ട്. വനപാതയ്ക്ക് സമാന്തരമായി ഒഴുകുന്ന അച്ചൻകോവിലാറ്റിൽ നിന്ന് വെള്ളം കുടിക്കാനെത്തുന്ന കാട്ടുമൃഗങ്ങളുടെ കാഴ്ച വിസ്മയകരമാണ്. പാതയിലെ ഒളികല്ലിൽ വൈകിട്ട് പതിവായി മ്ലാവിൻ കൂട്ടം എത്താറുണ്ട്. പലപ്പോഴും കാട്ടപോത്തുകളെയും കാണാം.

മഴക്കാലത്ത് അച്ചൻകോവിലാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഉണ്ടാകുന്ന മഴ ചിലപ്പോൾ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനും കാരണമാകും. അതിനാൽ വനമേഖലയിലുള്ള നീരൊഴുക്കുകളിലും അരുവികളിലും ഇറങ്ങരുതെന്ന മുന്നറിയിപ്പും വനം വകുപ്പ് നൽകുന്നു. ആനക്കൂട്ടങ്ങൾ വെള്ളം കുടിക്കാൻ എപ്പോൾ വേണമെങ്കിലും റോഡ് മുറിച്ച് കടക്കുന്നതിനാൽ വാഹന യാത്രക്കാർ ഏറെ ശ്രദ്ധിക്കണം.

രാത്രി യാത്ര നിരോധിച്ചു

 കോന്നി- അച്ചൻകോവിൽ വനപാതയിൽ രാത്രി യാത്ര നിരോധിച്ചു

 കല്ലേലിയിലെ വനം വകുപ്പിന്റെ ചെക്ക്‌ പോസ്‌റ്റിൽ നിന്ന്‌ അനുമതി വാങ്ങണം

 അനുമതി ലഭിച്ചാൽ വനപാലകരുടെ സുരക്ഷയും ലഭിക്കും

 ഒറ്റയ്ക്കുള്ള യാത്രയ്ക്കിടെ അത്യാഹിതം സംഭവിച്ചാൽ പുറംലോകം അറിയാൻ വൈകും

 അതിനാലാണ് വനംവകുപ്പിന്റെ മുൻകൂർ അനുമതി വേണമെന്ന നിർദേശം

വനപാതയുടെ ദൂരം

40 കിലോ മീറ്റർ

വനം വന്യജീവി വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ നിന്നുള്ള അനുമതി വാങ്ങിയശേഷം വേണം പാതയിലൂടെ യാത്ര ചെയ്യാൻ.

ആയുഷ് കുമാർ കോറി,​ ഡി.എഫ്.ഒ,​ കോന്നി