പിണറായിയിൽ ജ്യോത്സ്യനെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം

Sunday 01 February 2026 1:10 AM IST

തലശ്ശേരി: ജ്യോത്സ്യനായിരുന്ന പിണറായി പാറപ്രം കോളാട്ടെ ശിഖാലയത്തിൽ കുഞ്ഞിരാമൻ ഗുരുക്കളെ (72) വീട്ടിൽ അതിക്രമിച്ചു കടന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി എരഞ്ഞോളി കൂളിബസാറിലെ കേളോത്ത് സി.കെ. റമീസിന് (48) ജീവപര്യന്തം തടവും കാൽ ലക്ഷം പിഴയും വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസാണ് വിധി പ്രഖ്യാപിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട കുഞ്ഞിരാമൻ ഗുരുക്കളുടെ ഭാര്യ നളിനിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2012 ഫെബ്രുവരി നാലിന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജ്യോത്സ്യനെ കാണാനെന്ന വ്യാജേനയെത്തിയ പ്രതി മുറിക്കുള്ളിൽ കടന്ന് തലയ്ക്കും കൈയ്ക്കും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മകൻ അക്രമം തടയാൻ ശ്രമിച്ചെങ്കിലും കൃത്യം പൂർത്തിയാക്കിയ പ്രതി സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിരാമൻ ഗുരുക്കൾ ചികിത്സയിലിരിക്കെ 22 ദിവസങ്ങൾക്കു ശേഷമാണ് മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

കൊല്ലപ്പെട്ട കുഞ്ഞിരാമൻ ഗുരുക്കളുടെ മകൻ എം.പി. വിപിന്റെ പരാതിയിൽ ധർമ്മടം പൊലീസാണ് കേസെടുത്തത്. ഇൻസ്പെക്ടർ എം.പി. വിനോദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ഇ. ജയറാംദാസ് ഹാജരായി.