21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

Sunday 01 February 2026 12:25 AM IST

പത്തനംതിട്ട: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ട അപേക്ഷ ഉൾപ്പെടുത്തി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. 2025 ഡിസംബർ 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത് മുതൽ 2026 ജനുവരി 30 വരെ വോട്ടർമാർക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് പേര് ചേർക്കാൻ ഫോം 6എ, വോട്ടർപട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനോ താമസം മാറിയത് രേഖപ്പെടുത്തുന്നതിനോ ഫോം 8, വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് ഫോം 7 എന്നിവയാണ് ഈ കാലയളവിൽ സ്വീകരിച്ചത്.

ലഭിച്ച എല്ലാ പരാതികളും ആക്ഷേപങ്ങളും അപേക്ഷകളും നിശ്ചിത നടപടിക്രമം പാലിച്ച് തീർപ്പാക്കും. ജനുവരി 30ന് ശേഷവും പൊതുജനങ്ങൾക്ക് അപേക്ഷ/ഫോം സമർപ്പിക്കാം. എന്നാൽ ഇത്തരം അപേക്ഷ ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ തീർപ്പാക്കുകയുള്ളൂ. ഇതിൽ അർഹരായവരെ വോട്ടർപട്ടികയുടെ തുടർന്നുള്ള പുതുക്കലുകളിൽ ഉൾപ്പെടുത്തും.

തുടർച്ചയായ പുതുക്കൽ ക്രമീകരിക്കും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം അവസാനമായി അന്തിമ പട്ടിക പ്രസിദ്ധീകരിച്ച തീയതി മുതൽ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെയുള്ള 'തുടർച്ചയായ പുതുക്കൽ' പ്രക്രിയയിൽ ഉൾപ്പെടുത്തുന്ന പേരുകൾ കാലക്രമത്തിൽ ക്രമീകരിക്കും. അന്തിമ പട്ടികയിലെ അവസാന ക്രമനമ്പറിന് തൊട്ടുപിന്നാലെയുള്ള ക്രമനമ്പർ മുതലായിരിക്കും ഇവ നൽകുക. പട്ടികയിൽ നിന്നുള്ള ഒഴിവാക്കലുകളും മാറ്റങ്ങളും കമ്മിഷന്റെ നിലവിലുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് അന്തിമ വോട്ടർപട്ടികയിൽ കൃത്യമായി രേഖപ്പെടുത്തും.