ബ്രാഞ്ച് സെക്രട്ടറി വീട് നിർമ്മാണം തടയുന്നു; സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ സമരം
മലപ്പുറം: വീട് നിർമ്മിക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ഒരുമണിക്കൂറോളം കുടുംബത്തിന്റെ സമരം. തിരൂരങ്ങാടി സ്വദേശി പൂവാട്ടിൽ റിയാസ് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമാണ് പ്രതിഷേധിച്ചത്. കൊടിഞ്ഞിയിൽ താൻ വാങ്ങിയ സ്ഥലത്ത് രണ്ടുവർഷമായി വീട് നിർമ്മാണത്തിന് ശ്രമിക്കുമ്പോൾ ബ്രാഞ്ച് സെക്രട്ടറി പട്ടേരിക്കുന്നത്ത് സുബൈർ തടസ്സം നിൽക്കുന്നെന്നാണ് റിയാസിന്റെ ആരോപണം. ജനുവരി 16ന് രാത്രി ഒരുസംഘം നിർമ്മാണത്തിലിരുന്ന തറ പൊളിച്ചു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. ഇതേക്കുറിച്ച് സി.പി.എം നേതാക്കൾക്ക് പരാതി നൽകിയിരുന്നെന്നും റിയാസ് പറയുന്നു. സംഭവത്തിൽ തിരൂരങ്ങാടി പൊലീസിലും പരാതി നൽകി. വീട് നിർമ്മാണത്തിന് ആവശ്യമായ നിയമപരമായ അനുമതികൾ തനിക്ക് ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് ബ്രാഞ്ച് സെക്രട്ടറി നിർമ്മാണം തടയുന്നത്. മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്നു. വിഷയത്തിൽ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനാലാണ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സമരം ചെയ്യാൻ തീരുമാനിച്ചതെന്ന് റിയാസ് പറഞ്ഞു. നേരത്തെ പ്രവാസിയായിരുന്ന റിയാസ് അഞ്ചുവർഷം മുമ്പാണ് കൊടിഞ്ഞിയിലെ സ്ഥലം വാങ്ങിയത്.സമരത്തിന് പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.ശശികുമാർ കുടുംബത്തെ ഓഫീസിലേക്ക് വിളിച്ച് ചർച്ച നടത്തി. സംഭവം അന്വേഷിക്കാമെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചതോടെ കുടുംബം സമരം അവസാനിപ്പിച്ചു. നേരത്തെ പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്ന് വി.ശശികുമാർ പറഞ്ഞു.