ഞാങ്കടവിൽ തടയണ നിർമ്മാണത്തിന് വീണ്ടും ജീവൻ

Sunday 01 February 2026 1:20 AM IST

കൊല്ലം: കൊല്ലം നഗരത്തിലും സമീപത്തെ 5 പഞ്ചായത്തുകൾക്കും കുടിവെള്ളമെത്തിക്കുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭീമൻ കിണറിൽ വേനൽക്കാലത്തും ജലലഭ്യത ഉറപ്പാക്കാനുള്ള തടയണ നിർമ്മാണത്തിന് വീണ്ടും ജീവൻ. തടയണ നിർമ്മാണത്തിനായി മറ്റ് ചില പദ്ധതികൾ ഉപേക്ഷിച്ച് അമൃത് 2ൽ പുതിയതായി 60 കോടി നീക്കിവച്ചു. ഇറിഗേഷൻ വകുപ്പിന്റെ ഡിസൈൻ വിഭാഗമായ ഐ.ഡി.ആർ.ബി തടയണയുടെ രൂപരേഖ തയാറാക്കിവരികയാണ്. ഇതിനുള്ള ചുമതല മാത്രമാണ് ഇപ്പോൾ ഇറിഗേഷൻ വകുപ്പിനുള്ളത്. നേരത്തെ തടയണ നിർമ്മാണത്തിന് ടെണ്ടർ ക്ഷണിച്ചത് വാട്ടർ അതോറിട്ടിയായിരുന്നു. ഇപ്പോൾ ടെണ്ടർ ക്ഷണിക്കുന്നതടക്കമുള്ള പൂർണമായ നിർവഹണ ചുമതല ഇറിഗേഷൻ വകുപ്പിന് നൽകണമെന്ന് വാട്ടർ അതോറിട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ചുമതലപ്പെടുത്തിയാൽ ഏറ്റെടുക്കാൻ തയാറാണെന്ന നിലപാടിലാണ് ഇറിഗേഷൻ വകുപ്പ്.

100 എം.എൽ.ഡി (മെഗാലിറ്റേഴ്സ് പെർ ഡേ) ശേഷിയുള്ളതാണ് വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റ്. ഞാങ്കടവിലെ കിണറിന് സമീപം കല്ലടയാറ്റിൽ തടയണ നിർമ്മിച്ചാലെ വേനൽക്കാലത്തും ഇത്രയധികം ജലം ലഭ്യമാകു. അതിന് പുറമേ മഴക്കാലത്ത് ഉപ്പുവെള്ളം കയറാതിരിക്കാനും തടയണ അനിവാര്യമാണ്. തടയണയില്ലാതെയും ‌ഞാങ്കടവ് പദ്ധതി കമ്മിഷൻ ചെയ്യാമെങ്കിലും വേനൽക്കാലത്ത് പ്രതീക്ഷിക്കുന്ന ജലം ലഭിക്കില്ല.

 31 കോടിക്ക് തീരേണ്ട പദ്ധതി

2021ൽ 25.83 കോടിക്ക് തടയണ നിർമ്മിക്കാനായിരുന്നു കരാർ. എന്നാൽ കരാർ കമ്പിനി നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ കൂടുതൽ ആഴത്തിൽ പൈൽ ചെയ്യണമെന്ന് ബോദ്ധ്യമായി. ആറര മീറ്റർ ആഴത്തിൽ പൈലിംഗ് നടത്തണമെന്നായിരുന്നു എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ, കല്ലടയാറ്റിൽ ആഴക്കൂടുതലുള്ള ഭാഗമാണിവിടം. മദ്ധ്യഭാഗത്ത് മൂന്ന് നില പൊക്കം കണക്കാക്കി 9 മീറ്റർ ആഴത്തിൽ പൈലിംഗ് നടത്തണം. അതുകൊണ്ടുതന്നെ ആറ് കോടി കൂടി അധികം വേണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടു. എന്നാൽ അധിക തുക നൽകാൻ നിർവഹണ ഏജൻസിയായ വാട്ടർ അതോറിട്ടി തയാറായില്ല. ഇതോടെ കരാർ റദ്ദാക്കി.

 ഡിസൈൻ പരിഷ്കരിക്കാനും

എസ്റ്റിമേറ്റ് പുതുക്കി രണ്ട് തവണ ടെണ്ടർ ക്ഷണിച്ചു. പക്ഷെ രണ്ട് തവണയും എസ്റ്റിമേറ്റിനെക്കാൾ ഏറെ ഉയർന്നതായിരുന്നു ഏറ്റവും കുറഞ്ഞ ടെണ്ടർ തുക. ഇതോടെയാണ് ഡിസൈൻ പരിഷ്കരിച്ച് വീണ്ടും ക്ഷണിക്കാൻ തീരുമാനിച്ചത്. 2021ൽ അന്നത്തെ കരാറുകാരൻ ആവശ്യപ്പെട്ട ആറ് കോടി കൂടി നൽകിയിരുന്നെങ്കിൽ 3.83 കോടിക്ക് പദ്ധതി പൂർത്തിയായേനെ.