ക്ലീൻ കേരള കമ്പനിയെ ഒഴിവാക്കി കാലിക്കുപ്പി ശേഖരിക്കാൻ വീണ്ടും ടെൻഡറുമായി ബെവ്കോ
തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള ക്ളീൻ കേരള കമ്പനിയെ ഒഴിവാക്കി, പ്ലാസ്റ്റിക് മദ്യക്കുപ്പി ശേഖരണത്തിന് പുതിയ ഏജൻസിയെ കണ്ടെത്താൻ ബിവറേജസ് കോർപ്പറേഷൻ. ഇതിനായി വീണ്ടും ടെൻഡർ ക്ഷണിക്കും. നേരത്തെ ക്ഷണിച്ച ടെൻഡറിൽ പങ്കെടുത്ത മൂന്ന് സ്വകാര്യ സ്ഥാപനങ്ങളും സാങ്കേതിക യോഗ്യത നേടാത്തതിനാൽ റദ്ദാക്കിയിരുന്നു.
ക്ലീൻ കേരള കമ്പനി ലിമിറ്റഡ് രണ്ടു ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കുപ്പി ശേഖരണം വിജയമായിരുന്നു. തുടർന്ന് സംസ്ഥാനാടിസ്ഥാനത്തിൽ നടപ്പാക്കാനുള്ള താത്പാര്യം കാട്ടി ബെവ്കോയ്ക്ക് കത്തു നൽകിയെങ്കിലും പരിഗണിച്ചില്ല. ഈ കമ്പനിയും ടെൻഡറിൽ പങ്കെടുത്തിരുന്നു.
തിരുവനന്തപുരം നഗരത്തിലെയും കണ്ണൂർ ജില്ലയിലെ ഗ്രാമീണ മേഖലയിലെയും 10 വീതം ഷോപ്പുകളിൽ നിന്നാണ് ക്ലീൻ കേരള കമ്പനി കുപ്പി ശേഖരണം തുടങ്ങിയത്. ജനുവരി 29 വരെ 56,68,654 (140 ടൺ) കുപ്പികൾ നീക്കി.
പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം വിൽക്കുമ്പോൾ 20 രൂപ ഉപഭോക്താക്കളിൽ നിന്ന് ബെവ്‌കോ അധികമായി ഈടാക്കുന്നുണ്ട്. വാങ്ങിയ ഷോപ്പിൽ തന്നെ കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ ഈതുക മടക്കി നൽകും. തുടക്കത്തിൽ തിരികെ വരുന്ന കുപ്പികൾ കുറവായിരുന്നതിനാൽ ബെവ്കോയ്ക്ക് ലോട്ടറിയായിരുന്നു. എന്നാൽ നിലവിൽ സ്ഥിതി മാറി.
കുപ്പികൾ യന്ത്രസംവിധാനത്തിൽ ഷീറ്റുകളാക്കി, മറ്രു സംസ്ഥാനങ്ങളിലെ റീസൈക്ലിംഗ് സ്ഥാപനങ്ങൾക്കാണ് ക്ലീൻ കേരള കമ്പനി നൽകുന്നത്. ഇതിന് ബെവ്കോ പ്രതിഫലം നൽകുന്നുമില്ല.
ക്ളീൻ കേരളയ്ക്ക് സംവിധാനമില്ല
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ക്ളീൻ കേരള കമ്പനി കുപ്പികൾ മാറ്റുന്നതെന്നും മറ്റു ദിവസങ്ങളിൽ കുപ്പി സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്നുമാണ് ബെവ്കോയുടെ വാദം. മിക്ക ചില്ലറ വില്പന ശാലകളിലും കാലിക്കുപ്പി സൂക്ഷിക്കാൻ സ്ഥലസൗകര്യമില്ല. 331 ചില്ലറ വില്പന ശാലകളിലൂടെ 54 കോടിയോളം മദ്യക്കുപ്പികളാണ് ഒരുവർഷം വിറ്റഴിക്കുന്നത്. ഇതിൽ 90 ശതമാനത്തിലേറെയും പ്ലാസ്റ്റിക് കുപ്പികളാണ്. ഓരോ ദിവസവും കുപ്പി മാറ്റാൻ കഴിയുന്ന സംവിധാനം വരുന്നത് ഗുണകരമാവുമെന്നതിനാലാണ് ടെൻഡർ വിളിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
കൂടുതൽ കുപ്പികൾ തിരിച്ചെത്താൻ തുടങ്ങി. സംസ്ഥാനാടിസ്ഥാനത്തിൽ ശേഖരിച്ചാൽ നഷ്ടമില്ലാതെ കൊണ്ടുപോകാം.
- ജി.കെ.സുരേഷ് കുമാർ,
എം.ഡി, ക്ലീൻകേരള കമ്പനി