ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം ആനയെ വാങ്ങി ഇനി തോട്ടി വേണം!

Sunday 01 February 2026 1:21 AM IST

കൊല്ലം: കന്റോൺമെന്റ് മൈതാനത്ത് ഒളിമ്പ്യൻ സുരേഷ് ബാബു ഇൻ‌ഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും തറയിടാൻ ആവശ്യമായ മേപ്പിൾ വുഡ് ഇറക്കുമതി വൈകുന്നത് പൂർത്തീകരണത്തെ ബാധിക്കുന്നു. ഇതി​നുവേണ്ടി​ കിഫ്ബിയിൽ ആവശ്യപ്പെട്ട 1.5 കോടി​ അധികമായതിനാൽ പുനക്രമീകരണം ലഭി​ക്കാൻ കാത്തിരിക്കുകയാണ് നിർമ്മാണം നടത്തുന്ന കിറ്റ്കോ കമ്പനി അധികൃതർ.

മേപ്പിൾവുഡ് ഇറക്കുമതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായയെങ്കി​ലും കിഫ്ബിയിൽ നിന്ന് തുക ലഭി​ച്ചാൽ മാത്രമേ എത്തിക്കാനാവൂ. തറയുടെ പ്രവൃത്തികൾ ആരംഭിച്ചാൽ ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാം. കാനഡയിൽ നിന്നാണ് മേപ്പിൾ വുഡ് ഇറക്കുമതി ചെയ്യുന്നത്. പെയിന്റിംഗ് ജോലികൾ ഉൾപ്പെടെ സ്റ്റേഡിയത്തിന്റെ പുറമെയുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്.

സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം 2021 ഫെബ്രുവരിയിലാണ് നടന്നത്. 2024 ഓടെ പൂർ‌ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ മേപ്പിൾവുഡ് എത്തിക്കാൻ വൈകുന്നതാണ് നിർമ്മാണം നീണ്ടുപോകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2,500 പേർക്ക് ഇരിക്കാവുന്ന ഗാലറിയുടെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. ബാഡ്മിന്റൺ, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, ടേബിൾ ടെന്നീസ് തുടങ്ങി 23 ഇനം മത്സരങ്ങളാകും നടക്കുക. ചെയ്ഞ്ചിംഗ് റൂം, ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്റ്റേഡിയത്തിലെ നീന്തൽ കുളം ഉൾപ്പെടെ 39 കോടിയാണ് ആകെ ചെലവ്. 33.90 കോടിയാണ് സ്റ്റേഡിയത്തിന് മാത്രമായി വേണ്ടി​വരുന്നത്. പീരങ്കി മൈതാനത്ത് 3.6 ഏക്കർ സ്ഥലത്താണ് ഇൻഡോർ സ്റ്റേഡിയം തയ്യാറാകുന്നത്. കിഫ്ബി ഫണ്ടുപയോഗിച്ച് കിറ്റ്‌കോ ആണ് നിർമ്മാണം നടത്തുന്നത്. അടുത്ത മാസത്തോടെ തുറക്കാനാണ് ശ്രമം.

 കാണികൾക്കായി മുകളിലെയും താഴത്തെയും നിലകളി​ലായി​ 12 ടോയ്ലറ്റുകൾ

 കളിക്കാർക്കായി രണ്ട് ബാത്ത് റൂം ഉൾപ്പെടെയുള്ള വലിയ റൂമുകൾ

 ഇതിനു പുറമെ നാല് വി.ഐ.പി റൂമുകളും മെഡിക്കൽ, മീഡിയ റൂമകളും

 നാല് വശവും ടിക്കറ്റ് കൗണ്ടറുകൾ

 25 മീറ്റർ വീതിയും 12 മീറ്റർ നീളവുമുള്ള നീന്തൽ കുളം

 പുറമേ ഓരോ കായിക ഇനത്തിനും ഒന്നിൽകൂടുതൽ കോർട്ടുകൾ

 കോർട്ടിന് 60 മീറ്റർ നീളവും 40 മീറ്റർ വീതിയും

 സമീപത്തായി ചെയിഞ്ചിംഗ് റൂം, വിശ്രമത്തിനായി ഹോസ്റ്റൽ

മേപ്പിൾ വുഡിന്റെ സവിശേഷതകൾ

 നിറം: ഇളം ക്രീം-വെള്ള മുതൽ ചുവപ്പ് കലർന്ന തവിട്ടുനിറം വരെ. വെളുത്ത നിറമുള്ള സാപ്പ് വുഡ് (sapwood) ആണ് സാധാരണയായി ഫർണിച്ചറുകൾക്കായി ഉപയോഗിക്കുന്നത്.

 ഉപയോഗങ്ങൾ: ഫർണിച്ചർ, ഹാർഡ്‌വുഡ് ഫ്ലോറിംഗ്, കിച്ചൻ കാബിനറ്റുകൾ, കട്ടിംഗ് ബോർഡുകൾ, ബേസ്‌ബോൾ ബാറ്റുകൾ, വില്ലിന്റെ ഭാഗങ്ങൾ

 പ്രത്യേകതകൾ: ഈടുനിൽക്കും. മനോഹരമായ ഫിനിഷിംഗ്. പെയിൻ്റ് ചെയ്യാനും പോളിഷ് ചെയ്യാനും എളുപ്പം