സീസൺ തുടങ്ങി ; കർഷകർക്ക് ആശ്വാസമായി വിലവർദ്ധന, ആശങ്ക ഒരേയൊരു കാര്യത്തിൽ
വടക്കഞ്ചേരി: കശുവണ്ടി സീസൺ തുടക്കമായതിനാൽ ഉയർന്ന വില ലഭ്യമാകുന്നത് കർഷകർക്ക് ആശ്വാസം. ഒരു കിലോ 140 രൂപ നിരക്കിലാണ് മലഞ്ചരക്ക് വ്യാപാരികൾ കശുവണ്ടി വാങ്ങുന്നത്. ഒരു മാസം മുമ്പ് വരെ ഇത് 100-110 രൂപയായിരുന്നു. വിളവെടുപ്പ് സജീവമായാൽ സാധാരണ വില കുറയുകയാണ് പതിവ്. ഈ വർഷം വേനൽ മഴയ്ക്ക് മുമ്പ് തന്നെ മിക്കയിടങ്ങളിലും കശുവണ്ടി വിളവെടുപ്പിന് പാകമായിട്ടുണ്ട്.
മലയോരമേഖലകളായ മംഗലം ഡാം കരിമ്പാറ, പാല കുഴി ഒലിപ്പാറ, പോത്തുണ്ടി, പോക്കാമട, അയ്യർ പാടി, കൈതച്ചിറ, കാന്തളം കിഴക്കഞ്ചേരി പ്രദേശങ്ങളിലാണ് കശുമാവ് കൂടുതൽ കൃഷിയുള്ളത്. കശുവണ്ടി സീസൺ ആരംഭിച്ചതോടെ കശുമാമ്പഴത്തിന് യാതൊരു വിപണിയും ഇല്ലാത്തതിനാൽ പാഴായിപോകുകയാണ് ചെയ്യുന്നത്. കശുമാമ്പഴം ഉപയോഗിച്ചാൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായ ജെല്ലി വൈൻ എന്നിവ ഉണ്ടാക്കാമെങ്കിലും അതിന് വിപണിയിൽ ആവശ്യക്കാരും ഇല്ലാത്തതിനാൽ പാഴായിപോകുകയാണ്
ചെയ്യുന്നത്.
ബഹുഭൂരിപക്ഷം കർഷകരം കശുമാമ്പഴം കന്നുകാലികൾക്ക് തീറ്റയായി നൽകുകയാണ് ചെയ്യുന്നത്. ഇത്തവണ അനുകൂല കാലാവസ്ഥയായതിനാൽ നല്ല രീതിയിൽ വിളവ് ലഭിക്കുന്നുണ്ട്. മഴപെയ്താൽ കശുവണ്ടിയുടെ നിറം കുറയുകയും കറുപ്പ് നിറം പടരാൻ ഇടയാക്കുകയും ചെയ്താൽ കശുവണ്ടിയുടെ വില കുത്തനെ ഇടിയുന്നതാണ് സാധാരണ വർഷങ്ങളിൽ കാണാറുള്ളത്. കഴിഞ്ഞ വർഷം വേനൽമഴ അധികമുണ്ടായിരുന്നതിനെ തുടർന്ന് കശുവണ്ടിയുടെ വില 75 രൂപയായി താഴ്ന്നിരുന്നു. വില കുറയൽ പതിവായതിനാൽ വിളവെടുക്കുന്ന കശുവണ്ടി കൂടുതൽ ദിവസം വൈകാതെ തന്നെ വിപണിയിൽ എത്തിച്ചില്ലെങ്കിൽ വില കുറയാനുള്ള സാധ്യതയും കർഷകരും വ്യാപാരികളും പറയുന്നു. ജില്ലയിലെ പ്രധാന മലങ്കര വിപണനമേഖലയായ വടക്കഞ്ചേരിയിലാണ് കൂടുതൽ കശുവണ്ടി വ്യാപാരികൾ ഉള്ളത്.