ലീഡറായി കേരളം
ഗോവ : രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരെ നില ഭദ്രമാക്കി കേരളം. 526/9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത കേരളം, 171 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഗോവ മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 18 റൺസെന്ന നിലയിലാണ്.രണ്ട് വിക്കറ്റിന് 237 റൺസെന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച കേരളത്തിന് രോഹൻ കുന്നുമ്മൽ (153), സൽമാൻ നിസാർ (52), ക്യാപ്ടൻ വിഷ്ണു വിനോദ് (113) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 14 ബൗണ്ടറികളും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. ഗോവയ്ക്കായി ലളിത് യാദവും അമൂല്യ പാണ്ഡ്രേക്കറും മൂന്ന് വിക്കറ്റ് വീതവും അർജുൻ ടെൻഡുൽക്കർ രണ്ട് വിക്കറ്റും നേടി.
രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഗോവയുടെ ഓപ്പണർമാരായ സുയാഷ് പ്രഭുദേശായ് (14), കശ്യപ് ബാക്ലെ (4) എന്നിവരാണ് ക്രീസിലുള്ളത്.
വമ്പൻ പോരാട്ടം
ബുലവായോ: അണ്ടർ 19 ലോകകപ്പിലെ നിർണായകവും അവസാനത്തേതുമായ സൂപ്പർ സിക്സ് റൗണ്ട് പോരാട്ടത്തിൽ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. സീനിയർ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ അഭ്യൂഹങ്ങൾ പുറത്ത് വിടവേയാണ് ഇരു രാജ്യങ്ങളിലേയും യൂത്ത് ടീം മുഖാമുഖം വരുന്നത്.
ഇരുടീമിനും മത്സരം നിർണായകമാണ്. കളിച്ച നാല് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് ഗ്രൂപ്പിൽ നിന്ന് സെമി ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഒരു സ്ഥാനത്തിനായാണ് ഇന്ത്യ-പാക് പോരാട്ടം. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ് ആറ് പോയിന്റുള്ള ഇന്ത്യയ്‌ക്ക് വിജയിച്ചാലും വമ്പൻ തോൽവി വഴങ്ങിയില്ലെങ്കിലും സെമിയിലെത്താം. 4 പോയിന്റുള്ള പാകിസ്ഥാന് ഇന്ത്യയെ മികച്ച മാർജിനിൽ കീഴടക്കിയാലെ സെമിയിലെത്താനാകൂ.
ലൈവ്
ഉച്ചയ്‌ക്ക് 1 മുതൽ സ്റ്റാർ സ്പോർട്‌സ് ചാനലുകളിലും ജിയോ ഹോട്ട് സ്റ്റാറിലും.