ഗതാഗത കുരുക്കിൽ കുരുങ്ങിയ കേരളത്തിൻ്റെ കളി ഇന്ന്
ദിബ്രുഗഡ് : സന്തോഷ് ട്രോഫി ഗ്രൂപ്പ് ബിയിൽ ഇന്നലെ നടക്കേണ്ടിയിരുന്ന കേരളവും സർവീസസും തമ്മിലുള്ള മത്സരം ഇന്നത്തേയ്ക്ക് മാറ്റി. ധെമാജിയിലെ സിലാപത്തർ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ 9ന് നടക്കേണ്ടിയിരുന്ന മത്സരമാണ് ഗതാഗത കുരുക്കിനെ തുടർന്ന് അവസാന നിമിഷം ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് രാവിലെ 9 മുതലാണ് മത്സരം. ദിബ്രുഗഡ് -ധെമാജി പാതയിലുള്ള മിസിങ്ങ് ഗോത്രത്തിന്റെ ഗ്രാമത്തിൽ രണ്ട് ദിവസമായി നടക്കുന്ന യുവജനോത്സവത്തെ തുടർന്ന് വലിയ ഗതാഗത കുരുക്കാണ് റോഡിൽ. അതിനാൽ തന്നെ ടീമുകൾക്ക് കൃത്യസമയത്ത് മത്സര വേദിയിൽ എത്താനാകില്ലെന്ന് വ്യക്തമായതോടെ സംഘാടകർ മത്സരം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള കേരളം നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.