ജി.രാധാകൃഷ്ണന് സി.വി.എൻ കളരി പുരസ്ക്കാരം

Sunday 01 February 2026 8:02 AM IST
ജി.രാധാകൃഷ്ണൻ

തിരുവനന്തപുരം: കേരള കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ടെക്നിക്കൽ ഡയറക്ടറുമായ ജി.രാധാകൃഷ്ണന് സി.വി.എൻ.കളരിയുടെ ആചാര്യൻ കെ.നാരായണൻ ഗുരുക്കൾ സ്മാരക വജ്രജൂബിലി പുരസ്ക്കാരം സമ്മാനിച്ചു.10,000രൂപയും വീരയോദ്ധ ശില്പവും അടങ്ങുന്നതാണ് അവാർഡ്.45 വർഷമായി കളരിപ്പയറ്റ് വിദ്യാർത്ഥിയും പരിശീലകനും സംഘാടകനുമായി പ്രവർത്തിക്കുന്ന രാധാകൃഷ്ണൻ 1986മുതൽ 1998വരെ മേയ്ത്താരി,കോൽത്താരി,അങ്കത്താരി,വെറുംകൈ വിഭാഗങ്ങളിലെ പത്തിനങ്ങളിൽ ചാമ്പ്യൻ ആയിരുന്നു.ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്സിന്റെ ഡിസ്ട്രിക്ട് മാർഷ്യൽ ആർട്സ് ട്രെയിനിങ് സെന്ററിലും സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രാദേശിക പരിശീലന കേന്ദ്രത്തിലും കോച്ചായിരുന്നു.

2003ൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിനുവേണ്ടി ദക്ഷിണ കൊറിയയിലെ ചിങ് ചു വിൽ നടന്ന ലോക ആയോധനകലോത്സവത്തിലും ടോക്കിയോയിൽ നടന്ന ഇൻഡോ ജപ്പാൻ സൗഹൃദത്തിന്റെ അറുപതാം വാർഷിക ആഘോഷത്തിലും കളരിപ്പയറ്റ് അവതരിപ്പിച്ചു. ഇപ്പോൾ ബോധിധർമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർഷ്യൽ ആർട്ട്സിലും പൂന്തുറ സോമൻ കളരിപ്പയറ്റ് അക്കാഡമിയിലും മുഖ്യ പരിശീലകനാണ്.