അടിവസ്ത്രം ധരിച്ച്   വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ പരാക്രമം;  അടിയന്തര ലാൻഡിംഗ് നടത്തി പൈലറ്റ്

Sunday 01 February 2026 4:15 PM IST

ബാങ്കോക്ക്: മദ്യലഹരിയിൽ വസ്ത്രങ്ങളെല്ലാം അഴിച്ചിട്ട് അർദ്ധനഗ്നനായി യുവാവിന്റെ പരാക്രമം. ഇക്കഴിഞ്ഞ വ്യാഴാഴ്ച വിയറ്റ്നാമിൽ നിന്ന് തായ്‌‌ലൻഡിലേക്ക് പുറപ്പെട്ട എയർ ഏഷ്യ 647 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. റഷ്യൻ പൗരനായ യാത്രക്കാരനാണ് മറ്റു സഹയാത്രികരെ പരിഭ്രാന്തിയിലാക്കി പരാക്രമം നടത്തിയത്.

വിമാനം പറന്നുയർന്ന ശേഷം ഇയാൾ സ്വന്തം വസ്ത്രങ്ങൾ അഴിച്ച് അടിവസ്ത്രം മാത്രം ധരിക്കുകയും സീറ്റുകൾക്ക് മുകളിലൂടെ കയറി വിമാനത്തിന്റെ പിൻഭാഗത്തേക്ക് ചെന്ന് ജീവനക്കാരെ ശല്യം ചെയ്യുകയുമായിരുന്നു. വിമാനത്തിന്റെ പ്രധാന വാതിൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലീഷിലും റഷ്യൻ ഭാഷയിലുമായി ആക്രോശിച്ചുകൊണ്ടായിരുന്നു യുവാവ് ബഹളം വച്ചത്.

മദ്യലഹരിയിലായിരുന്ന യുവാവ് വിമാനത്തിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. നമ്മളെല്ലാം ഇവിടെ മരിക്കണമെന്നാണ് ഇവരൊക്കെ ആഗ്രഹിക്കുന്നതെന്ന് യുവാവ് സഹയാത്രികരോട് പറയുകയും ജീവനക്കാരെ വെല്ലുവിളിക്കുകയും ചെയ്തു.

സ്ഥിതി വഷളായതോടെ ക്യാപ്ടൻ പെട്ടെന്ന് ബാങ്കോക്കിലെ ഡോൺ മുവാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം ഇറക്കാൻ തീരുമാനിച്ചു. ലാൻഡ് ചെയ്ത ഉടൻ, വിമാനത്തിന്റെ ഗോവണി ഘടിപ്പിക്കുന്നതിന് മുൻപുതന്നെ യുവാവ് വാതിൽ ബലമായി തുറന്ന് റൺവേയിലേക്ക് എടുത്തുചാടി. വീഴ്ചയിൽ കാലിന് പരിക്കേറ്റിട്ടുണ്ട്. റൺവേയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തായ്‌‌ലൻഡ് പൊലീസ് ഉടൻതന്നെ പിടികൂടി കസ്റ്റഡിയിലെടുത്തു.