മുനമ്പം ഹാർബർ വികസനം: 115 കോടിയുടെ പദ്ധതിക്ക് രൂപരേഖ
വൈപ്പിൻ: മുനമ്പം ഫിഷിംഗ് ഹാർബർ വികസിപ്പിക്കുന്നതിന് 115 കോടി രൂപയുടെ പദ്ധതിരേഖ തയ്യാറായതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. മുനമ്പം ശ്രീകൃഷ്ണ ക്ഷേമയോഗം ഓഡിറ്റോറിയത്തിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിരമിക്കൽ ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ഐ.ടി റിപ്പോർട്ട് പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ 500 തൊഴിലാളികൾക്കായി 2500 രൂപ വീതം 12.50 ലക്ഷം രൂപ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ 13 ലക്ഷം രൂപ വിവാഹ ധനസഹായമായും കൈമാറി. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ജയൻ അദ്ധ്യക്ഷനായി. മത്സ്യബോർഡ് കമ്മിഷണർ എച്ച്. സലീം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. നിബിൻ, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സാജിത്ത്, ഗ്രാമപഞ്ചായത്തംഗം കെ.എഫ്. വിത്സൺ, മത്സ്യഫെഡ് ജില്ലാ മാനേജർ ഫാത്തിമ എസ്.ഹമീദ്, അഴീക്കൽ എളങ്കുന്നപ്പുഴ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് എ.കെ .ശശി, എസ്.ടി.യു ജില്ലാ സെക്രട്ടറി സിദ്ദിഖ്, മത്സ്യബോർഡ് അംഗം കെ.കെ. രമേശൻ, റീജിയണൽ എക്സിക്യൂട്ടീവ് എസ്. ജയശ്രീ എന്നിവർ സംസാരിച്ചു.