കേന്ദ്ര ബഡ്ജറ്റിൽ പ്രതീക്ഷയോടെ ജില്ലയിലെ കശുഅണ്ടി മേഖല
കൊല്ലം: തോട്ടണ്ടി ഉത്പാദനത്തിൽ സ്വയംപര്യാപ്തതയിലെത്തി 2030 ഓടെ ഇന്ത്യൻ കശുഅണ്ടിയെ ആഗോള പ്രീമിയം ബ്രാൻഡാക്കുമെന്ന കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തിലെ കശുഅണ്ടി മേഖലയ്ക്ക് വലിയ ആശ്വാസമാകും. കേരളത്തിന്റെ തീരപ്രദേശങ്ങളിലടക്കം വ്യാപകമായി കശുമാവ് വച്ചുപിടിപ്പിച്ച് ഇവിടുത്തെ ഫാക്റികൾക്ക് ആവശ്യമായ തോട്ടണ്ടി ഉത്പാദിപ്പിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
രാജ്യത്തെ കശുഅണ്ടി ഫാക്ടറികൾ പ്രവർത്തിക്കാൻ പ്രതിവർഷം 25 ലക്ഷം മെട്രിക് ടൺ തോട്ടണ്ടി വേണം. എന്നാൽ പരമാവധി എട്ട് ലക്ഷം മെട്രിക് ടൺ മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. നേരത്തെ തോട്ടണ്ടി ഇറക്കുമതി ചെയ്ത് വ്യവസായം നടത്തിയാലും ലാഭമായിരുന്നു. എന്നാൽ പല ആഫ്രിക്കൻ രാജ്യങ്ങൾ സ്വന്തമായി സംസ്കരണം ആരംഭിച്ചതോടെ തോട്ടണ്ടി വിലയിലുണ്ടായ വർദ്ധനവ് കേരളത്തിലെ കശുഅണ്ടി മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന ഏജന്റുമാർ ക്രിത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ട്. ആഭ്യന്തര ഉത്പാദനം വർദ്ധിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ഹൈബ്രിഡ് കശുമാവ് തൈകൾ വച്ചുപിടിപ്പിച്ചാൽ മൂന്നാം വർഷം കായ്ക്കും. ഈ സാമ്പത്തിക വർഷം കേന്ദ്ര പദ്ധതി നടപ്പായാൽ 2030ൽ ഉറപ്പായും തോട്ടണ്ടി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനാകും. ആഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെന്റ് അതോറിട്ടി വഴി പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ആലോചന. കശുഅണ്ടി മേഖലയിൽ വലിയ മാറ്റം സൃഷ്ടിച്ചേക്കാവുന്ന പ്രഖ്യാപനത്തെ കശുഅണ്ടി വ്യവസായികൾ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.