ഡോ.ബോബൻ  തോമസിന്   എം.എ.എസ്.സി.സി സ്‌കോളർഷിപ്പ് 

Monday 02 February 2026 12:57 AM IST

കോട്ടയം : ക്യാൻസർ ചികിത്സാ സംരക്ഷണ മേഖലയിലെ ഏറ്റവും വലിയ സംഘടനയായ മൾട്ടിനാഷണൽ അസോസിയേഷൻ ഒഫ് സപ്പോർറ്റീവ് കെയർ ഇൻ കാൻസർ (എം.എ.എസ്.സി.സി) സ്‌കോളർഷിപ്പിന് മെഡിക്കൽ ഓങ്കോളജി വിദഗ്ദ്ധൻ ഡോ.ബോബൻ തോമസ് അർഹനായി. ക്യാൻസർ ചികിത്സാ വേളയിൽ 49.82 ശതമാനം രോഗികളും കടുത്ത വൈകാരിക സമ്മർദ്ദവും, സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നതായുള്ള പഠനത്തിനാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന സ്‌കോളർഷിപ്പ്.

ജൂൺ 25 മുതൽ 27 വരെ ആസ്‌ട്രേലിയയിലെ മെൽബണിൽ നടക്കുന്ന എം.എ. എസ്.സി.സിയുടെ വാർഷിക സമ്മേളനത്തിൽ ഡോ.ബോബൻ തോമസ് പഠനം അവതരിപ്പിക്കും. കഴിഞ്ഞ വർഷം ജർമ്മനിയിലെ ബർലിനിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഒഫ് മെഡിക്കൽ ഓങ്കോളജി സമ്മിറ്റിലും പഠനം അവതരിപ്പിച്ചിരുന്നു. അസോസിയേഷൻ ഒഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് കേരളം ഘടകം ജനറൽ സെക്രട്ടറിയും, കേരള ക്യാൻസർ കോൺക്ലേവ് ഡയറക്ടറുമാണ് ഡോ.ബോബൻ. കോട്ടയം കാരിത്താസ് ആശുപത്രി, തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കൽ ഓങ്കോളജി വിദഗ്ദ്ധനാണ്.