നിയമ ലംഘനം 10 കഴിഞ്ഞാൽ ലൈസൻസ് റദ്ദാക്കും, സർക്കാരിന് റിപ്പോർട്ട് നൽകും

Monday 02 February 2026 12:02 AM IST

തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്നയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി

വർഷത്തിൽ പത്തോ അതിലധികമോ എന്ന് പരിഷ്കരിച്ച് സംസ്ഥാനത്ത് നടപ്പാക്കാമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് സർക്കാരിന് വകുപ്പ് റിപ്പോർട്ട് നൽകും.

ജനുവരി ഒന്നുമുതൽ പ്രബല്യത്തിൽ വന്ന നിയമ ഭേദഗതി സംസ്ഥാനത്ത് അതേപടി നടപ്പാക്കില്ലെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് വകുപ്പിന്റെ നീക്കം. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്. എന്നാൽ,​ ചരക്ക് ലോറികൾ, ബസുകൾ തുടങ്ങിയവയാണ് കൂടുതലായി നിയമലംഘനം നടത്തുന്നതെന്നും അവയെ നിയന്ത്രിക്കാൻ നിയമം കർശനമാക്കണമെന്ന നിലപാടും വകുപ്പ് മുന്നോട്ടു വയ്ക്കുന്നു.

റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി കഴിഞ്ഞ 21നാണ് കേന്ദ്രം നിയമം പരിഷ്കരിച്ചത്. അവ സംസ്ഥാനത്ത് അതേപടി നടപ്പാക്കാൻ വകുപ്പ് നീക്കം നടത്തിയെങ്കിലും മന്ത്രി ഗണേശ്‌ കുമാർ തടയുകയായിരുന്നു.

'ഗദ'യുമായി മോട്ടുവിന്റെ

ബോധവത്കരണം

ഗതാഗത നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് ബോധവ്തകരണം ആരംഭിച്ചു. വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ മോട്ടു എന്ന ആനക്കുട്ടിയുടെ വേഷം കെട്ടിയാണ് ബോധവത്കരണം. സീബ്രാ ക്രോസിംഗിൽ സിഗ്നൽ ലംഘിച്ച് വാഹനം മുന്നോട്ടെടുക്കുന്നവരെ മോട്ടു ഗദയുടെ മാതൃകയിലുള്ള ബലൂൺ കൊണ്ട് തട്ടും. നിയമം തെറ്റിക്കുന്നവരെ മോട്ടു ശാസിക്കും. നിയമം പാലിക്കുന്നവർക്ക് മധുരം നൽകും. നിയമലംഘനം ആവർത്തിക്കുന്നവർക്ക് വകുപ്പിന്റെ ശിക്ഷാനടപടികൾ നേരിടേണ്ടി വരും.