സിയാലിനെ മൾട്ടിമോഡാൽ കാർഗോ കേന്ദ്രമാക്കും: മുഖ്യമന്ത്രി

Monday 02 February 2026 12:28 AM IST

* കാർഗോ ബിസിനസ് സമ്മിറ്റിന് സമാപനം

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രമാക്കി വ്യോമ, റോഡ്, റെയിൽ, ജല മാർഗങ്ങൾ സംയോജിപ്പിച്ച് മൾട്ടിമോഡാൽ കാർഗോ ശൃംഖല സ്‌ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) കാർഗോ വിഭാഗം 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഫിക്കിയുമായി ചേർന്ന് സിയാൽ സംഘടിപ്പിച്ച രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റിന്റെ പ്ലീനറി സെഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഉദ്‌ഘാടന വേദിയിൽ സ്‌ഥാപിച്ച കോക്ക്പിറ്റ് മാതൃകയിൽ ഗിയർ ചലിപ്പിച്ചാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 65,000 മെട്രിക് ടണ്ണിലേറെ ചരക്കുകളാണ് സിയാൽ കൈകാര്യം ചെയ്തത്. നടപ്പ് വർഷം ഇത് 74,000 ടണ്ണായി ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 ശതമാനം ലാഭവിഹിതമാണ് നിക്ഷേപകർക്ക് സിയാൽ നൽകിയത്.

ലോജിസ്‌റ്റിക് പാർക്കുകളിൽ നിക്ഷേപ ഒഴുക്ക്

ആഗോളതലത്തിൽ ശ്രദ്ധേയമായ കമ്പനികൾ സിയാലിന് സമീപം ലോജിസ്റ്റിക്ക് പാർക്കുകൾ സ്‌ഥാപിക്കുന്നതിലൂടെ സിയാലിലെ കാർഗോ സാദ്ധ്യതകൾ കൂടുതലായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതം ആശംസിച്ചു.

കാർഗോ കയറ്റുമതിയിലെ മികച്ച സ്‌ഥാപനങ്ങളെ മുഖ്യമന്ത്രി ആദരിച്ചു. സിയാൽ കാർഗോ വിഭാഗം മേധാവി സതീഷ് കുമാർ ആർ. പൈ നന്ദി പറഞ്ഞു. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്‌സൺ റീത്താ പോൾ, നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവരും പങ്കെടുത്തു.