ഉപയോഗശൂന്യമായ പഴയ സാധനങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്തു; കിട്ടിയത് 27 ലക്ഷത്തിന്റെ സമ്പത്ത്

Monday 02 February 2026 12:12 AM IST

വില കുത്തനെ കൂടി ഓരോ ദിവസവും റെക്കോഡ് ഭേദിക്കുന്നതിനാല്‍ ഇന്ന് ലോകത്ത് ഏറ്റവും ഡിമാന്‍ഡ് ഉള്ള സാധനമായി സ്വര്‍ണം മാറിയിട്ടുണ്ട്. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന സാധനങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്തത് 27 ലക്ഷം രൂപയുടെ മുതലാണ്. രാസപ്രവര്‍ത്തനങ്ങളിലൂടെയും ചൂടാക്കുന്നതിലൂടെയും സിം കാര്‍ഡുകളില്‍ നിന്നും ഇലക്ട്രോണിക് അവശിഷ്ടങ്ങളില്‍ നിന്നും ആണ് 27 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം വേര്‍തിരിച്ചെടുത്തത്.

ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലുള്ള ഹുയിഷൗവില്‍ വിലയേറിയ ലോഹങ്ങള്‍ വീണ്ടെടുക്കുന്ന ജോലി ചെയ്യുന്ന ക്യാവോ എന്ന വ്യക്തിയാണ് താന്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന വീഡിയോ പുറത്തുവിട്ടത്. ചൈനീസ് സമൂഹമാദ്ധ്യമങ്ങള്‍ വഴി കഴിഞ്ഞ മാസം 20ന് ആണ് വീഡിയോ പുറത്തുവിട്ടത്. ലക്ഷക്കണക്കിന് ആളുകലാണ് ക്യാവോ പങ്കുവച്ച വീഡിയോ ഇതിനോടകം പങ്കുവച്ചത്. ഏകദേശം 191 ഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍ക്ക് ലഭിച്ചത്, ഇതിന് വിപണിയില്‍ ഏകദേശം 27 ലക്ഷം രൂപയുടെ വിലവരും.

വീഡിയോ വൈറലായതോടെ പഴയ സിം കാര്‍ഡുകള്‍ ലഭ്യമാകുന്ന കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ താന്‍ സിം കാര്‍ഡുകളില്‍ നിന്ന് മാത്രമല്ല ഇത്രയും സ്വര്‍ണം വേര്‍ത്തിരിച്ചെടുത്തതെന്നും ക്യാവോ വ്യക്തമാക്കുന്നുണ്ട്.

ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ ചിപ്പ് അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഏകദേശം രണ്ട് ടണ്ണോളം ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഇതിനായി സംസ്‌കരിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഈടുനില്‍ക്കുന്നതിനും തുരുമ്പെടുക്കാതിരിക്കുന്നതിനുമായി സിം കാര്‍ഡുകളിലെ ചില ഭാഗങ്ങളില്‍ ചെറിയ അളവില്‍ സ്വര്‍ണം ചേര്‍ക്കാറുണ്ട്. എന്നാല്‍ വളരെ ചെറിയ അളവില്‍ മാത്രമാണ് ഈ പ്രക്രിയക്കായി സ്വര്‍ണം ചേര്‍ക്കുന്നത്.