വെറുതേയല്ല റബര്‍ കര്‍ഷകര്‍ ഫീല്‍ഡ് വിടുന്നത്; എത്ര വെട്ടിയിട്ടും ഫലമില്ലാത്തത് ഇക്കാരണത്താല്‍

Monday 02 February 2026 12:27 AM IST

തൊടുപുഴ: വേനല്‍ കടുത്തതോടെ ടാപ്പിംഗില്‍ നിന്ന് പിന്മാറി റബര്‍ കര്‍ഷകര്‍. പാലിന്റെ ഉത്പാദനം കുത്തനെ കുറയുന്നതാണ് കാരണമായത്. വേനല്‍ക്കാലത്തുണ്ടാകുന്ന സ്വാഭാവിക ഇലപൊഴിച്ചിലിന്റെ കാലം കഴിഞ്ഞെങ്കിലും കുരുന്നിലകള്‍ തളിര്‍ത്ത് വളരുന്നതിനാല്‍ ടാപ്പിംഗ് നടത്തിയാലും കാര്യമായി പാല്‍ ലഭിക്കില്ല. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനില മൂലം തളിര്‍ത്ത ഇലകള്‍ക്കിടയിലൂടെ സൂര്യപ്രകാശം പട്ടയില്‍ പതിക്കുന്നതിനാല്‍ വെട്ടിക്കഴിയുമ്പോള്‍ തന്നെ പാല്‍ക്കുഴലുകള്‍ അടയും. ഇതാണ് ഉത്പാദനം കുറയാന്‍ പ്രധാന കാരണം.

പ്രായമായതിലും ചെറുമരങ്ങളിലും ഇത് ബാധകമാണ്. സാധാരണ റബര്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം പാല്‍ ഊറ്റിയെടുത്ത ശേഷം ചിരട്ടകളില്‍ ശേഷിക്കുന്ന ഒട്ടുപാലില്‍ നിന്നുള്ള വരുമാനമാണ് വെട്ടുകൂലിക്കും മരത്തിന്റെ സംരക്ഷണ ചെലവുകള്‍ക്കും ഉപയോഗിക്കുക. എന്നാല്‍ ഇത്തവണ ഒട്ടുപാലിന്റെ അളവും തീരെ കുറവാണ്. ഉത്പാദനക്കുറവ് മൂലം റബറിനെ ആശ്രയിച്ച് ഉപജീവനം നയിക്കുന്നവര്‍ കടുത്ത പ്രതിസന്ധിയിലാണ്. വേനല്‍ക്കാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ പതിവാണെങ്കിലും ഇക്കുറി സ്ഥിതി രൂക്ഷമാണ്. വന്‍കിട എസ്റ്റേറ്റുകളില്‍ പലപ്പോഴും വേനല്‍ക്കാലത്ത് ടാപ്പിംഗ് നിറുത്തി വയ്ക്കുകയാണ് പതിവ്. എന്നാല്‍ മരം വെട്ടി പാലെടുത്ത് ഷീറ്റുകളാക്കി ദൈനംദിന ഉപജീവനം തേടുന്ന ചെറുകിട കര്‍ഷകരുടെ ജീവിതം ദുരിതത്തിലാവും.

ഡി.ആര്‍.സി കുറയുന്നു

വേനല്‍ക്കാലത്ത് പാലിന്റെ ഡി.ആര്‍.സി (ഡ്രൈ റബര്‍ കണ്ടന്റ് ) അഥവാ കട്ടി കുറവാണ്. 100 മില്ലീലിറ്റര്‍ പാലിന് 30 മുതല്‍ 40 ശതമാനം വരെയാണ് ഡി.ആര്‍.സി ഉണ്ടായിരിക്കേണ്ടത്. എന്നാല്‍ വേനല്‍ക്കാലത്ത് ഇത് 20- 22വരെ എത്തും. ഇത്തരം പാല്‍ ഉറയൊഴിച്ച്, ഷീറ്റാക്കി, ഉണക്കുമ്പോള്‍ തൂക്കത്തില്‍ കുറവുണ്ടാകും. ഡി.ആര്‍.സി കുറയുന്നത് പട്ടമരപ്പിനും ഇടയാക്കും.

റബര്‍ വില 175 - 195

'' സീസണ്‍ സമയത്തെ അപേക്ഷിച്ച് പാല്‍ ഉത്പാദനത്തില്‍ 50 ശതമാനത്തിലധികം കുറവുണ്ട്. നിലവില്‍ വെട്ടുകൂലി കൊടുക്കാന്‍ പോലുമുള്ള വരുമാനം ലഭിക്കുന്നില്ല'' -ഫ്രാന്‍സിസ് ജോര്‍ജ്ജ് ( കര്‍ഷകന്‍)