ഗ്രാമീണർക്ക് തൊഴിൽ ഉറപ്പാക്കാം; രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായത് 160 പേർ

Monday 02 February 2026 12:51 AM IST

മലപ്പുറം: ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) 2.0 രണ്ടാം ഘട്ടത്തിൽ ഇതേവരെ പദ്ധതിയുടെ ഭാഗമായത് 160 പേർ. തിരഞ്ഞെടുത്തവർക്കുള്ള പരിശീലനം ഈ മാസം 15നാണ് ആരംഭിച്ചത്. വിവിധ പരിശീലന ഏജൻസികളാണ് കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതിയുടെ ഭാഗമാവുന്നത്. മാങ്ങാട്ടുപുലത്ത് യു.ഐ.എസ്.എസ് എന്ന ഏജൻസിയാണ് നിലവിൽ പരിശീലനം ആരംഭിച്ചിട്ടുള്ളത്. നിലവിൽ ഫീൽഡ് ടെക്നീഷ്യൻ ആന്റ് കംപ്യൂട്ടിംഗ് പെരിഫറൽസ്, ജെസ്റ്റ് സർവീസ് അസോസിയേറ്റ് കോഴ്സുകളാണ് ആരംഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ സർവേ നടത്തിയാണ് തിരഞ്ഞെടുക്കുന്നത്. 18-35നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളെ സ്വയംപര്യാപ്തതയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ മേഖലകളുമായി ബന്ധപ്പെട്ട 25ഓളം കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. ഫീസ്, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികൾ എന്നിവ സൗജന്യമായി ലഭിക്കും. മൂന്ന് മുതൽ ഒമ്പത് മാസം വരെയാണ് കോഴ്സുകളുടെ കാലാവധി.

മേഖല തിരഞ്ഞെടുക്കാം

ഐ.ടി, എയർ ലൈൻ ക്യാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, മെഷീൻ ഓപ്പറേറ്റർ, ഇലക്ട്രീഷൻ, ഓട്ടോ മൊബൈൽ, മൊബൈൽ ടെക്നീഷ്യൻ, ലോജിസ്റ്റിക്ക്സ്, ആരോഗ്യം, ഡിജിറ്റൽ മാർക്കറ്റിംഗ്, ഹോട്ടൽ മാനേജ്‌മെന്റ്, ഓട്ടോമോട്ടീവ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളിലാണ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലി ലഭിക്കുക. എല്ലാ കോഴ്സുകളിലും വനിത, പട്ടിക ജാതി, പട്ടിക വർഗ സംവരണം നിർബന്ധമാണ്. 88 ശതമാനം പൊതു വിഭാഗത്തിനും 12 ശതമമാനം പട്ടിക ജാതി, വർഗ മേഖലകളിൽ ഉള്ളവർക്കുമാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സെക്ടർ സ്‌കിൽ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.

ആദ്യഘട്ടം ഇങ്ങനെ

പദ്ധതിയുടെ ആദ്യഘട്ടമായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) 1.0ൽ ജില്ലയിൽ പരിശീലനം ലഭിച്ചത് 8,432 പേർക്കാണ്, ഇതിൽ വിവിധ ഇടങ്ങളിൽ ജോലി ലഭിച്ചത് 4,563 പേർക്കാണ്.