കേരളത്തെ പൂർണമായി അവഗണിച്ചു: വേണുഗോപാൽ

Monday 02 February 2026 1:27 AM IST

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എങ്ങനെയാണു കേന്ദ്ര സർക്കാർ കേരളത്തെ കാണുന്നത് എന്നതിനുള്ള വ്യക്തമായ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു. നാളികേര പദ്ധതി യു.പി.എ സർക്കാരിന്റെ കാലത്തു തുടങ്ങിയതാണ്. എന്തു പദ്ധതിയാണു കേന്ദ്രം ആവിഷ്‌കരിക്കുന്നത്. അതുപോലെ കശുഅണ്ടിയുടെയും കയറിന്റെയും കാര്യത്തിൽ എന്തു പദ്ധതിയാണു കൊണ്ടുവരാൻ പോകുന്നത് എന്നതിലും വ്യക്തയില്ല. ധാതുമണലിന് വേണ്ടി പ്രത്യേക കോറിഡോർ പറഞ്ഞിട്ടുണ്ട്. അതിനകത്തും കേരളത്തിന് ആശങ്കകളാണുള്ളത്. മിനറൽ സെക്ടറിലേക്ക് സർക്കാരിന്റെ ഇഷ്ടപ്പെട്ട കോർപ്പറേറ്റുകൾ കടന്നുവന്നിട്ടുണ്ട്. അവർ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് ഖനനം ചെയ്യാനുള്ള അവകാശം പൊതുമേഖലയ്ക്കാണ്. സ്വകാര്യ മേഖലയ്ക്കു തീറെഴുതി കൊടുക്കാനാണു കേരളത്തിന്റെ ധാതുമണൽ കേന്ദ്രമെങ്കിൽ അത് കേരളത്തിന് ഗുണമാകുമോ?. എന്താണ് ആ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിൽ വ്യക്തത വേണം- അദ്ദേഹം ആവശ്യപ്പെട്ടു.